തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ തന്റെ വിയോജിപ്പ് അറിയിച്ച അദ്ദേഹം, പാര്‍ട്ടിക്കായി അച്ചടക്കം പാലിച്ചിട്ടും തനിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യത്തില്‍ തന്റെ സീനിയോറിറ്റി പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. അതൃപ്തിയുടെ ഭാഗമായി തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണ്ണായകമായ നിയമസഭാ കക്ഷിയോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല.

വി.ഡി. സതീശന് നയിക്കുന്ന പുതിയ മന്ത്രിസഭയില്‍ അംഗമാകില്ലെന്ന് ചെന്നിത്തല ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനുമൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു രമേശ് ചെന്നിത്തലയുടേത്. പത്ത് ദിവസത്തിലേറെ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഹൈക്കമാന്‍ഡ് സതീശനെ ഭരണത്തലവനായി നിശ്ചയിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തില്ലെങ്കിലും, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെന്നിത്തല.
