മാലി: മാലദ്വീപിന് സമീപം സമുദ്രത്തിലെ ആഴമേറിയ ഗുഹയില്‍ പര്യവേഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയന്‍ ഗവേഷകര്‍ക്ക് ദാരുണാന്ത്യം. സമുദ്രത്തിനടിയിലെ ഗുഹയില്‍ കുടുങ്ങിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് നിലവില്‍ പുറത്തെത്തിക്കാന്‍ സാധിച്ചത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെങ്കിലും മേഖലയിലെ മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
മോണിക്ക മോണ്ടെഫാല്‍കോണ്‍, ജോര്‍ജിയ സോമാക്കല്‍, ഫെഡറിക്കോ ഗ്വാള്‍ട്ടിയേരി, മുറിയല്‍ ഒഡെനിനോ, ജിയാന്‍ലൂക്ക ബെനെഡെറ്റി എന്നിവരാണ് മരണപ്പെട്ടത്. വിവിധ ഇറ്റാലിയന്‍ സര്‍വകലാശാലകളിലായി സമുദ്ര ശാസ്ത്ര ശാഖകളില്‍ ഗവേഷണം നടത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. മാലദ്വീപിന് സമീപമുള്ള വാവു അറ്റോളിലെ (Vaavu Atoll) 50 മീറ്റര്‍ ആഴത്തിലുള്ള സമുദ്ര ഗുഹയിലായിരുന്നു ഡൈവര്‍മാരടങ്ങിയ സംഘം പര്യവേഷണം നടത്തിയത്. എന്നാല്‍ ഡൈവിങ് പൂര്‍ത്തിയാക്കി തിരികെയെത്തേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ചുപേരും മരണപ്പെട്ടതായി കണ്ടെത്തിയത്.

‘ഡ്യൂക്ക് ഓഫ് യോക്’ എന്ന ബോട്ടിലാണ് ഈ ഗവേഷക സംഘം സമുദ്രത്തില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ മരിച്ച അഞ്ചാമത്തെയാള്‍ ഈ ബോട്ടിന്റെ ഓപ്പറേഷന്‍ മാനേജരാണ്. ഇയാളുടെ മൃതദേഹം മാത്രമാണ് നിലവില്‍ തിരച്ചില്‍ സംഘത്തിന് കണ്ടെത്താനായത്. ഗുഹയ്ക്കുള്ളിലെ സങ്കീര്‍ണ്ണമായ ഭൂപ്രകൃതിയും ഒഴുക്കും മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച എട്ട് വിദഗ്ധ മുങ്ങല്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കടലിനടിയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് നാലുപേരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ സന്നാഹങ്ങളോടെ ഇന്നും നാളെയും തിരച്ചില്‍ ശക്തമാക്കുമെന്ന് മാലദ്വീപ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ എംബസിയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്.
