ഗോതന്‍ബെര്‍ഗ് (സ്വീഡന്‍): ഉഭയകക്ഷി ബന്ധങ്ങളും വാണിജ്യ നിക്ഷേപങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വീഡനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘റോയല്‍ ഓര്‍ഡര്‍ ഓഫ് ദ് പോളാര്‍ സ്റ്റാര്‍’ (ഡിഗ്രി കമാന്‍ഡര്‍ ഗ്രാന്‍ഡ് ക്രോസ്) സമ്മാനിച്ചു. സ്വീഡനുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രമുഖര്‍ക്കായി 1748 മുതല്‍ നല്‍കിവരുന്ന ചരിത്രപ്രസിദ്ധമായ ബഹുമതിയാണിത്. ഗോതന്‍ബെര്‍ഗില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സ്വീഡനിലെ വിക്ടോറിയ രാജകുമാരിയാണ് പ്രധാനമന്ത്രിക്ക് ഈ പുരസ്‌കാരം കൈമാറിയത്. ഈ അംഗീകാരത്തോടെ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 31 ആയി ഉയര്‍ന്നു.
ദ്വിദിന സന്ദര്‍ശനത്തിനായി സ്വീഡനിലെത്തിയ നരേന്ദ്ര മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റര്‍സന്‍ ഗോതന്‍ബെര്‍ഗ് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ വിമാനം സ്വീഡിഷ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചിരുന്നു. തുടര്‍ന്ന് ഇരുനേതാക്കളും തമ്മില്‍ വ്യാപാരം, പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹരിത ഊര്‍ജ്ജം, സുസ്ഥിര സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനായി വിശദമായ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയൊരു തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് (Strategic Partnership) ഉയര്‍ത്താനും ഈ കൂടിക്കാഴ്ച വഴിതുറന്നു.

ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള ആദരസൂചകമായി, 1921-ല്‍ സ്റ്റോക്കോം സന്ദര്‍ശിച്ച വേളയില്‍ നോബല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ ടഗോര്‍ സ്വന്തം കൈപ്പടയില്‍ കവിത കുറിച്ച രണ്ട് കാര്‍ഡുകളുടെ സവിശേഷമായ പകര്‍പ്പുകള്‍ അടങ്ങിയ പെട്ടി സ്വീഡിഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കി. തുടര്‍ന്ന് ഗോതന്‍ബെര്‍ഗിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു. സ്വീഡിഷ് ഓപ്പറ ഗായിക ഷാര്‍ലറ്റ് ഹള്‍ഡറ്റ് പ്രശസ്തമായ ‘വൈഷ്ണവ ജനതോ’ ഭജന്‍ ആലപിച്ചാണ് പ്രധാനമന്ത്രിക്ക് ഊഷ്മളമായ സാംസ്‌കാരിക വരവേല്‍പ്പ് നല്‍കിയത്. നേരത്തെ 2018-ല്‍ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയുടെ ഭാഗമായാണ് മോദി സ്വീഡന്‍ സന്ദര്‍ശിച്ചിരുന്നത്.
ഇന്ത്യ-യൂറോപ്പ് വ്യാപാരബന്ധവും നിക്ഷേപങ്ങളും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ കൂടി പങ്കെടുക്കുന്ന ‘യൂറോപ്യന്‍ റൗണ്ട് ടേബിള്‍ ഫോര്‍ ഇന്‍ഡസ്ട്രി’ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അഞ്ച് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സിലെ രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി സ്വീഡനിലെത്തിയത്. നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി റോബ് യെറ്റനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതിരോധം, ജലമാനേജ്മെന്റ്, അര്‍ദ്ധചാലകങ്ങള്‍ (Semiconductors) തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 17 പ്രധാന കരാറുകളിലും സഹകരണ മാര്‍ഗരേഖയിലും ഒപ്പുവെച്ചിരുന്നു.
