Sunday, May 17, 2026

”സോനയെ മനഃപൂർവം കാറിൻ്റെ പിന്നിലിരുത്തി”: ഗർഭിണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവായ രജിൻലാലിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും മരിച്ച സോനയുടെ അമ്മാവൻ എ.കെ. സത്യൻ മാധ്യമങ്ങളോ‌ട്‌ പറഞ്ഞു. കാറിനുള്ളിൽ എന്തോ വെച്ചു എന്നാണ്‌ സംശയം. സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയത് എന്തുകൊണ്ടാണെന്നും ഇക്കാര്യത്തിൽ കുടുംബത്തിലുള്ളവർക്കെല്ലാം സംശയമുണ്ടെന്നും സത്യൻ പറഞ്ഞു. രജിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്ന അറിവ് മാത്രമേ തങ്ങൾക്കുള്ളൂവെന്നും സത്യൻ പറഞ്ഞു. അപകടമുണ്ടായപ്പോൾ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. പിന്നിലെ ഡോർ തുറന്നില്ല. കാറിനുള്ളിൽ മറ്റൊരാൾ ഉള്ളതായും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണം. അപകടത്തിൽ രജിനെ സംശയമുണ്ടെന്നും പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകാൻ ഒരുങ്ങുകയാണെന്നും സത്യൻ വ്യക്തമാക്കി. ‘സോനയും രജിൻലാലും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നു. രജിൻലാൽ ഗൾഫിൽ ഉള്ളപ്പോഴാണ് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ അടുത്തത്. വിവാഹത്തിന് ഇരുവരും ഒരുങ്ങി. ഇതിനിടെ രജിൻ മറ്റൊരു യുവതിയുമായി ബന്ധത്തിലായി. ആ യുവതിയെ വിവാഹം കഴിക്കാൻ രജിൻ തീരുമാനിച്ചു. ഇതറിഞ്ഞ സോന വടകര റെയിൽവേ സ്റ്റേഷന് സമീപമെത്തി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻവരെ ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽവെച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിൻ ഉറപ്പ് നൽകിയത്. പക്ഷെ, വിവാഹത്തോട് ഇരുവീട്ടുകാർക്കും എതിർപ്പായിരുന്നു. എന്നാൽ, 2023-ൽ സോനയും രജിനും വിവാഹം റജിസ്റ്റർ ചെയ്യുകയായിരുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് കാർ കത്തിയമർന്നത്. കോഴിക്കോട്ടെ ആശുപത്രിയിൽ പോയശേഷം തിരികെ വീട്ടിലേക്കുള്ള വഴിയിൽ ചെറുവണ്ണൂരിൽനിന്ന് കക്കറമുക്ക് റോഡിലേക്ക് കടന്ന ഉടനെ വയൽപ്രദേശത്ത് ഒതയോത്തുതാഴെ ഭാഗത്താണ് കാർ കത്തിയത്. ഇവിടെനിന്ന്‌ രണ്ടുകിലോമീറ്റർ ദൂരമേ വീട്ടിലെത്താൻ ഉണ്ടായിരുന്നുള്ളൂ.കാറിന്റെ ഉൾവശം മാത്രമാണ് പൂർണമായി കത്തിയമർന്നത്. ബോണറ്റിന്റെ എൻജിൻ ഭാഗം കത്തിയിട്ടില്ലെന്നതും പരിശോധനയിൽ കണ്ടെത്തി. ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടുമില്ല. അതിനാൽ തീപ്പിടിത്തം എങ്ങനെയുണ്ടായെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പോലീസ് പറഞ്ഞു. കാർ കത്തിത്തുടങ്ങുന്ന സമയത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നുണ്ട്. ഇതെങ്ങനെയുണ്ടായെന്നും വ്യക്തമല്ല. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി കൊണ്ടുപോയി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!