ടൊറന്റോ: നോർത്ത് യോർക്കിലുള്ള എയർ ബെയ്ൽസ് പാർക്ക് പരിസരത്തുനിന്ന് കാണാതായ 14 വയസ്സുകാരി എസ്തറിനായി തിരച്ചിൽ ഊർജ്ജിതമാക്കി ടൊറന്റോ പൊലീസ്. മെയ് 15 രാത്രി 11:15-ഓടെയാണ് പെൺകുട്ടിയെ അവസാനമായി കണ്ടത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് മാതാപിതാക്കൾ അഭ്യർത്ഥിച്ചു. പെൺകുട്ടിയെ കണ്ടെത്താനായി ഡ്രോണുകൾ, കുതിരപ്പട, മറൈൻ യൂണിറ്റുകൾ എന്നിവയുടെ സഹായത്തോടെ കഴിഞ്ഞ 48 മണിക്കൂറിലധികമായി പൊലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. ഏകദേശം 127 ഏക്കറോളം വരുന്ന കാട് നിറഞ്ഞ പ്രദേശമാണ് എയർ ബെയ്ൽസ് പാർക്ക്. വെസ്റ്റ് ഡോൺ നദി ഒഴുകുന്നതിനാലും നിരവധി കാട്ടുപാതകൾ ഉള്ളതിനാലും തിരച്ചിൽ ദുഷ്കരമാണ്. പ്രദേശവാസികളും പൊലീസിനൊപ്പം തിരച്ചിലിൽ പങ്കുചേരുന്നുണ്ട്.

അവസാനമായി കാണുമ്പോൾ പച്ച ഷർട്ടും ഗ്രേ നിറത്തിലുള്ള പാന്റ്സുമാണ് പെൺകുട്ടി ധരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ചടി രണ്ടിഞ്ച് ഉയരവും തവിട്ടുനിറമുള്ള മുടിയുമുള്ള ശരീരപ്രകൃതിയാണ് കുട്ടിയുടേത്. പാർക്കിന് പുറത്തുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ വിവരമറിയിക്കണമെന്ന് ഡ്യൂട്ടി ഇൻസ്പെക്ടർ സ്കോട്ട് ബ്രാഡ്‌ബറി അറിയിച്ചു. പെൺകുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും പൊലീസ് പറഞ്ഞു.
