വൻകൂവർ: നാഷണൽ ഹോക്കി ലീഗിലെ (NHL) വൻകൂവർ കാനക്സ് ടീം തങ്ങളുടെ മുഖ്യ പരിശീലകൻ ആദം ഫൂട്ടിനെ സ്ഥാനത്തുനിന്ന് നീക്കി. നിരാശാജനകമായ ഒരു സീസണൊടുവിൽ വെറും ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് ടീം പുതിയ തീരുമാനമെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കോച്ചിനെ പുറത്താക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. നിലവിലുള്ള സീസണിൽ എൻ.എച്ച്.എല്ലിൽ ഏറ്റവും അവസാന സ്ഥാനത്താണ് വൻകൂവർ കാനക്സ് ഫിനിഷ് ചെയ്തത്. ടീമിനെ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ക്യാപ്റ്റൻ ക്വിൻ ഹ്യൂഗ്സിനെ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെകൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യ പരിശീലകന് എതിരെ കടുത്ത നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ആഴ്ച ചുമതലയേറ്റ പുതിയ കോ-പ്രസിഡന്റുമാരായ ഡാനിയൽ സെഡിൻ, ഹെൻറിക് സെഡിൻ, ജനറൽ മാനേജർ റയാൻ ജോൺസൺ എന്നിവരടങ്ങുന്ന പുതിയ മാനേജ്മെന്റാണ് പരിശീലകനെ മാറ്റാനുള്ള കടുത്ത തീരുമാനമെടുത്തത്. ആദം ഫൂട്ടിന്റെ കീഴിൽ ടീം കടുത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തൽ. ഒരു മത്സരത്തിലെ ശരാശരി ഗോളുകളുടെ എണ്ണത്തിൽ 30-ാം സ്ഥാനത്തും, വഴങ്ങിയ ഗോളുകളുടെ എണ്ണത്തിൽ ലീഗിൽ അവസാന സ്ഥാനത്തുമായിരുന്നു കാനക്സ്. പരിക്കുമൂലം പ്രധാന ഗോൾകീപ്പർ താച്ചർ ഡെംകോയ്ക്ക് 20 മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. കൂടാതെ മുൻനിര താരങ്ങളായ കീഫർ ഷെർവുഡ്, ടൈലർ മയേഴ്സ് എന്നിവരെ സീസണിനിടയിൽ കൈമാറിയതും, തുടർച്ചയായി യുവതാരങ്ങൾക്ക് അവസരം നൽകി പരീക്ഷിച്ചതും ടീമിന്റെ സ്ഥിരതയെ മോശമായി ബാധിച്ചു. ഈ തകർച്ചയ്ക്ക് പിന്നാലെയാണ് ഇപ്പോൾ മുഖ്യ പരിശീലകനെ വൻകൂവർ കാനക്സ് മാനേജ്മെന്റ് പുറത്താക്കിയത്
