മിഷൻ (ബ്രിട്ടീഷ് കൊളംബിയ): കാനഡയിലെ മിഷനിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവം. പരുക്കേറ്റയാൾ നിലവിൽ ചികിത്സയിലാണ്. അതേ സമയം പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ നാല് മണിയോടെ വീട്ടിലെ വളർത്തുനായ അസ്വാഭാവികമായി കുരയ്ക്കുന്നത് കേട്ടാണ് വീട്ടുടമസ്ഥൻ പുറത്തേക്കിറങ്ങിയത്. ഓടിക്കാൻ ശ്രമിച്ചെങ്കിലും കരടി ഇയാൾക്ക് നേരെ പാഞ്ഞടുക്കുകയും കൈയിൽ ശക്തിയായി ആക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കൺസർവേഷൻ ഓഫീസർമാർ സ്ഥലത്തെത്തിയെങ്കിലും കരടിയെ പിടികൂടാൻ കഴിഞ്ഞില്ല. അക്രമാസക്തനായ ഈ കരടിയെ പിടികൂടുന്നതിനായി പ്രദേശത്ത് നിലവിൽ കെണികളും ട്രാക്ക് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയും വൻകൂവറിലെ കൊമേഴ്‌സ്യൽ ഡ്രൈവിന് സമീപം സമാനമായ രീതിയിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങിയിരുന്നു. അന്ന് പൊലീസും വനംവകുപ്പും ചേർന്ന് ഇതിനെ പിടികൂടി സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിട്ടിരുന്നു. വേനൽക്കാലം ആരംഭിച്ചതോടെ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കരടികളുടെ സാന്നിധ്യം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ബി.സി കൺസർവേഷൻ ഓഫീസർ സർവീസ് മുന്നറിയിപ്പ് നൽകി. കരടികളെ പെട്ടെന്ന് കണ്ടുമുട്ടുകയാണെങ്കിൽ പരിഭ്രാന്തരായി ഓടരുതെന്നും, ശാന്തത പാലിച്ചു കൊണ്ട് ഒരേ നില്പ് നിൽക്കുകയാണ് വേണ്ടതെന്നും അധികൃതർ നിർദേശിച്ചു.
