എഡ്മിന്റൻ: ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് തന്റെ മന്ത്രിസഭയിൽ ഇന്ന് സുപ്രധാനമായ അഴിച്ചുപണി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കാൽഗറിയിൽ വെച്ചായിരിക്കും പ്രഖ്യാപനം നടക്കുക. ഏതൊക്കെ മന്ത്രിമാർക്കാണ് സ്ഥാനചലനം ഉണ്ടാകുകയെന്നോ, ആരെല്ലാമാണ് പുതുതായി മന്ത്രിസഭയിലേക്ക് വരികയെന്നോ ഉള്ള വിവരങ്ങൾ പ്രീമിയർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എന്നാൽ, മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വകുപ്പുകളിലേക്ക് പുതിയ ആളുകൾ വരുമെന്ന് ഉറപ്പായിട്ടുണ്ട്. ധനമന്ത്രി നേറ്റ് ഹോണർ, ഹോസ്പിറ്റൽസ് മന്ത്രി മാറ്റ് ജോൺസ് എന്നിവർ 2027-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കുകയും പദവികൾ ഒഴിയാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് ഈ വകുപ്പുകളിൽ ഒഴിവ് വന്നത്. നിലവിലെ സോഷ്യൽ സർവീസസ് മന്ത്രിയായ ജേസൺ നിക്സൺ പുതിയ ധനമന്ത്രിയായേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടെങ്കിലും, കഴിഞ്ഞ ആഴ്ച മാധ്യമങ്ങളെ കണ്ട സ്മിത്ത് ഇതിനോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല.

മന്ത്രിസഭാ മാറ്റങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വെറും സമയനഷ്ടമാണെന്നും നിലവിലെ ചുമതലകളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് ഈ വിഷയത്തിൽ ജേസൺ നിക്സൺ പ്രതികരിച്ചത്. ഒരു വർഷം മുമ്പാണ് സ്മിത്ത് തന്റെ മന്ത്രിസഭയിൽ ഇതിനുമുമ്പ് വലിയൊരു അഴിച്ചുപണി നടത്തിയത്. അതുകൊണ്ടുതന്നെ ഇന്ന് പ്രഖ്യാപിക്കാൻ പോകുന്ന പുതിയ മാറ്റങ്ങളെ രാഷ്ട്രീയ കേന്ദ്രങ്ങൾ വളരെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
