Thursday, May 21, 2026

കനേഡിയൻ ഉള്ളടക്കം പ്രോത്സാഹിപ്പിക്കാൻ സ്ട്രീമിങ് കമ്പനികളുടെ വിഹിതം 15 ശതമാനമായി ഉയർത്തി CRTC

ഓട്ടവ: നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ്, പ്രൈം വീഡിയോ തുടങ്ങിയ പ്രമുഖ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ കാനഡയിലെ പ്രാദേശിക കലാസൃഷ്ടികളെ പിന്തുണയ്ക്കുന്നതിനായി നൽകേണ്ട സാമ്പത്തിക വിഹിതം ഗണ്യമായി വർദ്ധിപ്പിച്ചു. കാനഡയിലെ ബ്രോഡ്കാസ്റ്റ് റെഗുലേറ്ററായ സി.ആർ.ടി.സി (CRTC – Canadian Radio-television and Telecommunications Commission) ആണ് വ്യാഴാഴ്ച ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മുമ്പ് നിശ്ചയിച്ചിരുന്ന 5 ശതമാനം വിഹിതം ഒറ്റയടിക്ക് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. കാനഡയിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 2.5 കോടി ഡോളർ വരുമാനമുള്ള എല്ലാ സ്ട്രീമിങ് കമ്പനികൾക്കും ഈ നിയമം ബാധകമായിരിക്കും. കനേഡിയൻ ഉള്ളടക്കത്തിനുള്ള സാമ്പത്തിക വിഹിതം പുനഃക്രമീകരിച്ചു കിട്ടുന്ന തുക കാനഡയിലെ സിനിമകൾ, ടെലിവിഷൻ പരിപാടികൾ, പ്രാദേശിക വാർത്തകൾ എന്നിവയുടെ നിർമ്മാണത്തിനായി വിനിയോഗിക്കുമെന്ന്‌ CRTC വൈസ് പ്രസിഡന്റ് സ്കോട്ട് ഷോർട്ട്‌ലിഫ് പറഞ്ഞു. അതേസമയം പരമ്പരാഗത ടെലിവിഷൻ ചാനലുകളുടെ വിഹിതം മുമ്പത്തെ 30-45 ശതമാനത്തിൽ നിന്നും 25 ശതമാനമായി കുറച്ചു. പുതിയ നിയമത്തിലൂടെ കനേഡിയൻ ഉള്ളടക്കങ്ങൾക്കായി പ്രതിവർഷം ഏകദേശം 200 കോടി ഡോളറിന്റെ ഫണ്ട് ഉറപ്പാക്കാൻ സാധിക്കുമെന്നും റെഗുലേറ്റർ വ്യക്തമാക്കി.

കൂടാതെ, കാനഡയിലെയും അവിടുത്തെ തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെയും ഉള്ളടക്കങ്ങൾ സ്ട്രീമിങ് ആപ്പുകളിൽ പ്രേക്ഷകർക്ക് എളുപ്പത്തിൽ കാണാൻ തക്കവണ്ണം പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവും സി.ആർ.ടി.സി മുന്നോട്ട് വെച്ചു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് 2023-ൽ പാസാക്കിയ ‘ഓൺലൈൻ സ്ട്രീമിങ് ആക്ട്’ അനുസരിച്ചാണ് ഈ നടപടികൾ. എന്നാൽ, ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ 5 ശതമാനം നികുതിക്കെതിരെ സ്ട്രീമിങ് കമ്പനികൾ കോടതിയെ സമീപിച്ചിരുന്നു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഇതുവരെ ഈ ഫണ്ട് ഈടാക്കി തുടങ്ങിയിട്ടില്ല. എങ്കിലും കോടതി വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് സി.ആർ.ടി.സി. അതേ സമയം ഈ കടുത്ത നടപടി യു.എസും കാനഡയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. യു.എസ് ജനപ്രതിനിധികൾ ഇതിനെ ‘നെറ്റ്ഫ്ലിക്സ് ടാക്സ്’ എന്ന് വിശേഷിപ്പിക്കുകയും കാനഡയ്‌ക്കെതിരെ തിരിച്ചടി നൽകാൻ യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം നടക്കാനിരിക്കുന്ന യു.എസ്-കാനഡ-മെക്സിക്കോ വ്യാപാരക്കരാർ (CUSMA) പുനഃപരിശോധനയെയും ഈ തർക്കം ബാധിച്ചേക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!