Saturday, May 23, 2026

വായുമലിനീകരണം ഓർമ്മശക്തിയും ചിന്താശേഷിയും കുറയ്ക്കും; കാനഡയുടെ പുതിയ പഠനറിപ്പോർട്ട് പുറത്ത്

ഓട്ടവ: കാനഡയിലെ പ്രധാന ന​ഗരങ്ങളിലെ വായു മലിനീകരണം മസ്തിഷ്കാരോ​ഗ്യത്തെ ബാധിക്കുന്നതായി മക്മാസ്റ്റർ സർവകലാശാലയുടെ പുതിയ പഠനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിൽ വായുമലിനീകരണം വളരെ കുറവാണെങ്കിലും നേരിയ തോതിൽ ഉള്ള മലിനീകരണം പോലും ആളുകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. വായുമലിനീകരണം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഓർമശക്തി, കാര്യങ്ങൾ ​ഗ്രഹിക്കാനുള്ള കഴിവ്, മസ്തിഷ്കത്തിന്റെ പ്രവർത്തനവേ​ഗത എന്നിവ കുറവായിരിക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി.

ടൊറന്റോ, വൻകൂവർ, മൺട്രിയോൾ തുടങ്ങിയ പ്രമുഖ ന​ഗരങ്ങളിലെ ഏഴായിരത്തോളം ആളുകളിലാണ് പഠനം നടത്തിയത്. അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളായ പി.എം 2.5 (PM2.5), നൈട്രജൻ ഡയോക്സൈഡ് എന്നിവയാണ് മസ്തിഷ്കത്തിന്റെ പ്രവർത്തന വേഗത കുറയ്ക്കുന്നത്. അന്തരീക്ഷത്തിൽ പി.എം 2.5-ന്റെ അളവ് ഓരോ 5 മൈക്രോ ഗ്രാം കൂടുമ്പോഴും, അത് മനുഷ്യന്റെ മസ്തിഷ്കത്തിന് 2 മുതൽ 12 വർഷം വരെയുള്ള വാർദ്ധക്യത്തിന് സമാനമായ തളർച്ചയുണ്ടാക്കുന്നുണ്ടെന്ന് എം.ആർ.ഐ സ്കാനിങ്ങിലൂടെ ഗവേഷകർ സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തിൽ വായുമലിനീകരണത്തിനെതിരെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ആരോഗ്യരംഗത്ത് കൂടുതൽ പരിശോധനകൾ നടത്തണമെന്നും പഠനത്തിന് നേതൃത്വം നൽകിയ സാൻഡി അസാബ് പറഞ്ഞു. കാട്ടുതീ കാരണം അന്തരീക്ഷത്തിൽ പുക പടരുമ്പോൾ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണം. വായുനിലവാരം കുറഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ കൃത്യമായി വായു തടയുന്ന മാസ്കുകൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും, പ്രത്യേകിച്ച് പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും ഗവേഷകർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!