ഇസ്ലാമാബാദ്: അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയുടെ സമ്മർദ്ദങ്ങൾക്കും ആഗോള പ്രതിസന്ധികൾക്കുമിടയിലും പാക്കിസ്ഥാൻ തുടർച്ചയായ രണ്ടാം ആഴ്ചയിലും ഇന്ധനവില കുറച്ചു. വെള്ളിയാഴ്ച സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം പെട്രോൾ വില ലിറ്ററിന് 6 രൂപയും, ഹൈ-സ്പീഡ് ഡീസൽ വില ലിറ്ററിന് 6.80 രൂപയുമാണ് കുറച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ പാക്കിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് 403.78 രൂപയും, ഹൈ-സ്പീഡ് ഡീസലിന് 402.78 രൂപയുമായി മാറി. കഴിഞ്ഞ ആഴ്ചയും ഇരു ഇന്ധനങ്ങൾക്കും 5 രൂപ വീതം കുറച്ചിരുന്നു. സാധാരണക്കാരുടെ ഇരുചക്രവാഹനങ്ങളെയും റിക്ഷകളെയും നേരിട്ട് ബാധിക്കുന്ന ഈ വിലക്കുറവ് ജനങ്ങൾക്ക് താത്കാലിക ആശ്വാസമാകും.
ഇറാൻ-അമേരിക്ക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ എല്ലാ വെള്ളിയാഴ്ചയും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് പാക്കിസ്ഥാൻ സർക്കാർ പിന്തുടരുന്നത്. മുൻപ് രാജ്യം സാക്ഷ്യം വഹിച്ച റെക്കോർഡ് വിലക്കയറ്റത്തിന് ശേഷമാണ് ഇപ്പോൾ വില താഴോട്ട് വരുന്നത്. മാർച്ച് ആറിന് ഒറ്റയടിക്ക് ലിറ്ററിന് 55 രൂപ വർദ്ധിപ്പിച്ച സർക്കാർ, ഏപ്രിൽ രണ്ടിന് പെട്രോളിന് 43 ശതമാനവും ഡീസലിന് 55 ശതമാനവും വില വീണ്ടും കൂട്ടിയിരുന്നു. യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം വലിയ ഏറ്റക്കുറച്ചിലുകളാണ് പാക് ഇന്ധന വിപണിയിൽ സമീപകാലത്തുണ്ടായത്.

അതേസമയം, ആഗോള വിപണിയിലെ അസംസ്കൃത എണ്ണവിലയിലെ കുതിച്ചുചാട്ടത്തെ തുടർന്ന് ഇന്ത്യയിലും ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തി. എന്നാൽ പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ തോത് വളരെ കുറവാണ്. മൂന്ന് ഘട്ടങ്ങളിലായി ആകെ അഞ്ച് രൂപയോളമാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഏറ്റവും ഒടുവിലായി ശനിയാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചു. ഇതിന് പുറമെ സി.എൻ.ജി (CNG) വിലയിലും ഒരു രൂപയുടെ വർദ്ധനവ് നിലവിൽ വന്നിട്ടുണ്ട്.
