Saturday, May 23, 2026

ലേയിൽ കരസേനാ ഹെലികോപ്റ്റർ തകർന്നു വീണു; മേജർ ജനറൽ ഉൾപ്പെടെ മൂന്ന് പേർ രക്ഷപ്പെട്ടു, സുരക്ഷാ ആശങ്കയുയർത്തി ‘ചീറ്റ’ ഹെലികോപ്റ്ററുകൾ

ന്യൂഡൽഹി: ലഡാക്കിലെ ലേയ്ക്ക് സമീപമുള്ള ടാങ്‌സ്റ്റെമലനിരകളിൽ ഇന്ത്യൻ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണു. അപകടത്തിൽ പെട്ട മേജർ ജനറൽ ഉൾപ്പെടെയുള്ള മൂന്ന് സൈനിക ഉദ്യോഗസ്ഥരും അത്ഭുതകരമായി പരുക്കുകളോടെ രക്ഷപ്പെട്ടു. മെയ് 20-നായിരുന്നു അപകടം നടന്നതെങ്കിലും ഇന്ന് രാവിലെയാണ് അധികൃതർ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തേഡ് ഇൻഫൻട്രി ഡിവിഷൻ്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ആയ മേജർ ജനറൽ സച്ചിൻ മേത്തയായിരുന്നു ഹെലികോപ്റ്ററിലെ യാത്രക്കാരൻ. ഒരു ലെഫ്റ്റനന്റ് കേണലും മേജറും ചേർന്നാണ് സിംഗിൾ എൻജിൻ ഉള്ള ‘ചീറ്റ’ ഹെലികോപ്റ്റർ പറത്തിയിരുന്നത്.

അപകടത്തിൽ മൂവർക്കും നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്. അപകടത്തിന് തൊട്ടുപിന്നാലെ, തകർന്നുവീണ ഹെലികോപ്റ്ററിന് സമീപമുള്ള പാറക്കൂട്ടങ്ങളിൽ ഇരുന്നുകൊണ്ട് മേജർ ജനറൽ സച്ചിൻ മേത്ത മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കൊപ്പം എടുത്ത സെൽഫി ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഠിനമായ മലയോര മേഖലയിലെ ഈ അപകടത്തിൽ നിന്നും ഇവർ രക്ഷപ്പെട്ടത് ഒരു ‘അത്ഭുതം’ എന്നാണ് സൈനിക വൃത്തങ്ങൾ വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഔദ്യോഗിക ഉത്തരവിട്ടു. ഏറ്റവും ഒടുവിലത്തെ അപകടത്തോ‌ടെ പഴയ ചീറ്റ ഹെലികോപ്റ്റർ വ്യൂഹത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. 1970-കളിൽ ഇന്ത്യൻ സേനയുടെ ഭാഗമായ ചീറ്റ ഹെലികോപ്റ്ററുകൾ, 1984-ൽ സിയാച്ചിൻ ഗ്ലേസിയറിൽ നടന്ന ഓപ്പറേഷൻ മേഘദൂത് ഉൾപ്പെടെയുള്ള നിരവധി നിർണായക ദൗത്യങ്ങളിൽ പങ്കാളിയായിട്ടുള്ളതാണ്.

എന്നാൽ, കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ ഹെലികോപ്റ്ററുകൾ നിരന്തരം അപകടങ്ങളിൽ പെടുകയും നിരവധി പൈലറ്റുമാർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഈ പഴയ ഹെലികോപ്റ്ററുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുന്ന തദ്ദേശീയ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ ഇതിന് പകരമായി സൈന്യത്തിന്റെ ഭാഗമാകും. ഇത്തരം ആറ് ഹെലികോപ്റ്ററുകൾക്കായി കരസേന ഇതിനകം തന്നെ ഓർഡർ നൽകിയിട്ടുള്ളത്‌. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയുള്ള ഈ പുതിയ ഹെലികോപ്റ്ററുകൾക്ക് 6.5 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനും 350 കിലോമീറ്റർ പരിധിയിൽ സർവീസ് നടത്താനും ശേഷിയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!