തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി പുതിയ സർക്കാർ. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി. പി.ബി. നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി. വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയാണ് സ്ഥാനംമാറ്റിക്കൊണ്ടുള്ള ഉത്തരവുകൾ വന്നിരിക്കുന്നത്. ജിഎസ്ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. പകരം ഗതാഗത വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായ പി.ബി. നൂഹ് പുതിയ ജിഎസ്ടി കമ്മീഷണറാകും. ആലപ്പുഴ കളക്ടറായിരുന്നകെ. ഇമ്പശേഖർ വാട്ടർ അതോറിറ്റി എംഡിയാകും. കൊച്ചിൻ സ്മാർട്ട് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഷാജി വി. നായരാണ് പുതിയ ആലപ്പുഴ കളക്ടർ. കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റം. കെഎസ്ഐഡിസിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടർ ആയ പി. വിഷ്ണുരാജിനെ കണ്ണൂർ ജില്ലാ കളക്ടറായി നിയമിച്ചു. കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് പുതിയ എൻട്രൻസ് കമ്മീഷണർ. പാലക്കാട് ജില്ലാ കളക്ടർ ആയിരുന്ന എം.എസ്. മാധവിക്കുട്ടിയായിരിക്കും പുതിയ കോഴിക്കോട് ജില്ലാ കളക്ടർ. കോളീജിയറ്റ് എജുക്കേഷൻ ഡയറക്ടർ കെ. സുധീർ ആണ് പുതിയ പാലക്കാട് ജില്ലാ കളക്ടർ. പത്തനംതിട്ട കളക്ടറായ എസ്. പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

പ്രേം കൃഷ്ണു പകരം കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) ഡയറക്ടറായ എ നിസാമുദ്ദീനാണ് പത്തനംതിട്ടയിലെ പുതിയ കളക്ടർ. കൊല്ലം കളക്ടറായിരുന്ന എൻ. ദേവിദാസിനെ കില ഡയറക്ടറായി നിയമിച്ചു. വ്യവസായ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായ ആനി ജൂല തോമസ് ആണ് പുതിയ കൊല്ലം ജില്ലാ കളക്ടർ. ആലപ്പുഴ സബ് കളക്ടർ സമീർ കിഷനെ വ്യവസായ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. പുതുതായി നിയമിച്ച ജില്ലാ കളക്ടർമാരിൽ പാലക്കാട്ടെ എം.എസ്. മാധവിക്കുട്ടിക്കു മാത്രമാണ് മറ്റൊരു ജില്ലയിൽ കളക്ടറായി നിയമനം നൽകിയത്. ബാക്കി അഞ്ചു പേർക്കും വിവിധ വകുപ്പുകളിലേക്കാണ് മാറ്റം. ആകെ 14 സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്കു മാറ്റിയത്. പാട്ടീൽ അജിത് ഭഗവത് റാവു, പി.ബി. നൂഹ്, കെ. ഇമ്പശേഖർ, എൻ. ദേവിദാസ്, അരുൺ കെ. വിജയൻ, സ്നേഹിൽ കുമാർ സിങ്, എസ്. പ്രേം കൃഷ്ണ, എ. നിസാമുദ്ദീൻ, ആനി ജൂല തോമസ്, കെ. സുധീർ, ഷാജി വി. നായർ, പി. വിഷ്ണുരാജ്, അരുൺ എസ്. നായർ, സമീർ കിഷൻ എന്നിവർക്ക്. ഇവരെല്ലാം തിങ്കളാഴ്ച്ച(25.05.26) ചാർജെടുക്കണമെന്നും ഉത്തരവിലുണ്ട്.
