Saturday, May 23, 2026

ഒരു പ്രവിശ്യയ്ക്ക് സ്വയം വേർപിരിയാൻ സാധിക്കുമോ? കാനഡയിലെ നിയമം പറയുന്നത്‌ ഇങ്ങനെ

ഓട്ടവ: ആൽബർട്ട, കെബെക്ക്‌ തുടങ്ങിയ പ്രവിശ്യകളിൽ സ്വയംഭരണത്തിനായുള്ള ജനഹിതപരിശോധനകൾ വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ, കാനഡയിൽ നിന്നും ഒരു പ്രവിശ്യയ്ക്ക് നിയമപരമായി എങ്ങനെ വേർപിരിയാൻ സാധിക്കുമെന്ന ചർച്ചകൾ സജീവം. 1998-ലെ സുപ്രീം കോടതി വിധിയും തുടർന്നുണ്ടായ ക്ലാരിറ്റി ആക്ടിലും ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളുണ്ട്. എന്നാൽ, നിലവിലെ നിയമപ്രകാരം ഒരു പ്രവിശ്യയ്ക്ക് സ്വന്തം താല്പര്യപ്രകാരം കാനഡയിൽ നിന്നും ഏകപക്ഷീയമായിവേർപിരിയാൻ സാധിക്കില്ല എന്നാണ്‌ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്‌. ജനഹിതപരിശോധനയിലെ ചോദ്യം തികച്ചും വ്യക്തമായിരിക്കണം. കാനഡയിൽ നിന്ന് പൂർണ്ണമായി വേർപിരിയാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് മാത്രമായിരിക്കണം ആ ചോദ്യം എന്നാണ്‌ നിയമം പറയുന്നത്‌. കൂടാതെ, വോട്ടെടുപ്പിൽ ‘വ്യക്തമായ ഭൂരിപക്ഷം’ വേർപിരിയൽ അനുകൂലികൾക്ക്‌ ലഭിക്കണം. എന്നാൽ ഈ ഭൂരിപക്ഷം എത്ര ശതമാനമായിരിക്കണം എന്ന് നിയമത്തിൽ കൃത്യമായി പറഞ്ഞിട്ടില്ല; അത് തീരുമാനിക്കുന്നത്‌ പാർലമെന്റാണ്. വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽപ്പോലും ഒരു പ്രവിശ്യയ്ക്ക് സ്വയം സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാനാകില്ല. പ്രസ്തുത പ്രവിശ്യ ഫെഡറൽ ഗവൺമെന്റുമായും കാനഡയിലെ മറ്റ് പ്രവിശ്യകളുമായും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തേണ്ടതുണ്ട്. കാനഡയുടെ ഭരണഘടനയിൽ രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് പരാമർശമില്ല. അതിനാൽ ഒരു പ്രവിശ്യയ്ക്ക് വേർപിരിയണമെങ്കിൽ വലിയ തോതിലുള്ള ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇതിന് മറ്റ് പ്രവിശ്യകളുടെ നിയമസഭകളുടെ പിന്തുണയും ആവശ്യമായി വരും.

കാനഡയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങളും അതിർത്തി സംബന്ധിച്ച അവകാശവാദങ്ങളും ചർച്ചകളിൽ നിർണ്ണായകമാകും. പല ഗോത്രവർഗ്ഗ ഉടമ്പടികളും പ്രവിശ്യാ അതിർത്തികൾക്ക് അപ്പുറത്തുള്ളവയാണ്. അതുകൊണ്ടുതന്നെ നിലവിലെ അതിർത്തികളോടെ ഒരു പ്രവിശ്യയ്ക്കും കാനഡ വിട്ടുപോകാൻ എളുപ്പമാകില്ല. ഫെഡറൽ ഗവൺമെന്റിൻ്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മുമ്പ്‌ സ്പെയിനിൽ നിന്ന് വേർപിരിയാൻ ശ്രമിച്ച കാറ്റ ലോണിയയ്ക്കും ഇത്തരത്തിൽ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നില്ല. ചുരുക്കത്തിൽ, ജനഹിതപരിശോധനയിൽ ജനങ്ങൾ വിഘടനവാദത്തെ പിന്തുണച്ചാൽപ്പോലും, സങ്കീർ ണ്ണമായ സാമ്പത്തിക-സൈനിക-ഭരണഘടനാ ചർച്ചകൾക്ക് ശേഷമേ വേർപിരിയൽ സാധ്യമാകൂ. ഈ ചർച്ചകൾ കാനഡയുടെ അടിത്തറയെത്തന്നെ പുനർനിർമ്മിക്കേണ്ടി വരുന്നവയുമാണ് എന്നതു കൊണ്ട്‌ തന്നെ വളരെ പ്രയാസകരമായിരിക്കുമെന്ന്‌ നിയമവിദഗ്‌ദ്ധർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!