തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണ്‍ പ്രഖ്യാപിച്ചു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ പ്ലാന്‍ ഉണ്ടെന്നും ജീവനക്കാര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം തീയതി തന്നെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുമെന്നും, കെഎസ്ആര്‍ടിസിയിലെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷന് സര്‍ക്കാര്‍ അധിക സഹായം നല്‍കുമെന്നും നഷ്ടമില്ലാത്ത ഒരു പൊതുമേഖലാ സ്ഥാപനമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. ലഭ്യമായ സമ്പത്ത് കൃത്യമായി ഉപയോഗപ്പെടുത്തുമെന്നും, തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി വലിയൊരു കൈത്താങ്ങാകുമെന്നും പറഞ്ഞ മന്ത്രി, വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല ഈ സൗജന്യ യാത്ര പ്രഖ്യാപിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഡിഎഫ് സര്‍ക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് മാസത്തെ കണക്കുകള്‍ വിലയിരുത്തിയപ്പോള്‍ 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യം അനുവദിക്കുന്നതെങ്കില്‍ 57 കോടി രൂപയുടെയും, സിറ്റി ഫാസ്റ്റ് കൂടി ഉള്‍പ്പെടുത്തിയാല്‍ 65 കോടി രൂപയുടെയും പരുക്കുണ്ടാകും. ഇനി ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളിലാണ് ആനുകൂല്യമെങ്കില്‍ നഷ്ടം 90 കോടി രൂപയാകും. ഏതെല്ലാം സര്‍വീസുകളിലാണ് സൗജന്യം നല്‍കേണ്ടതെന്ന കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

യാത്രക്കാരായ സ്ത്രീകളുടെ കൃത്യമായ കണക്കെടുക്കുന്നതിനായി കെഎസ്ആര്‍ടിസി നേരത്തെ ജെന്‍ഡര്‍ ടിക്കറ്റിങ് അടക്കമുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിയിരുന്നു. പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് ഇതിലൂടെ ശേഖരിച്ചത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി എംഡി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വൈകാതെ തന്നെ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരും. തുടര്‍ന്ന് മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷമായിരിക്കും ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കുക.
