Saturday, May 23, 2026

ബിസിനസ് പ്രൊഫഷണലുകൾക്ക് മുൻഗണന; ‘അമേരിക്ക ഫസ്റ്റ് വീസ ഷെഡ്യൂളിങ് ടൂൾ’ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ന്യൂഡൽഹി: ഇന്ത്യയുമായുള്ള വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബിസിനസ് പ്രൊഫഷണലുകൾക്ക് മുൻഗണന നൽകുന്ന പുതിയ “അമേരിക്ക ഫസ്റ്റ് വീസ ഷെഡ്യൂളിങ് ടൂൾ” യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു. തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലെ യുഎസ് എംബസിയുടെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് റൂബിയോ ഈ പ്രഖ്യാപനം നടത്തിയത്. ഈ പുതിയ സംവിധാനം വഴി ബിസിനസ് ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് പോകുന്നവർക്ക് വീസ അപ്പോയിന്റ്മെന്റുകൾ ഇനി വേഗത്തിലും എളുപ്പത്തിലും ലഭ്യമാകും.

വീസ നടപടികൾ കൂടുതൽ കൃത്യതയുള്ളതും വേഗമേറിയതുമാക്കാൻ ഈ ആധുനികവൽക്കരണം സഹായിക്കുമെന്ന് റൂബിയോ പറഞ്ഞു. വീസ അപ്പോയിന്റ്മെന്റുകൾ വേഗത്തിലാകുന്നത് വഴി അമേരിക്കയ്ക്ക് സാമ്പത്തിക ലാഭമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ഈ പുതിയ വിസ പരിഷ്കരണങ്ങൾ വലിയ രീതിയിൽ സഹായിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും വ്യക്തമാക്കി.

അമേരിക്കയുടെ പുതിയ കുടിയേറ്റ നയങ്ങളും എച്ച്-വൺബി (H1B) വിസ ഫീസ് വർദ്ധിപ്പിച്ചതും ഇന്ത്യൻ പ്രൊഫഷണലുകൾക്കും ഐടി കമ്പനികൾക്കും ഇടയിൽ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വീസ വിഷയങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനം വരുന്നത്. വീസ നടപടികൾ എളുപ്പമാക്കുന്നതിലൂടെ ഇന്ത്യ തങ്ങളുടെ പ്രധാനപ്പെട്ട സാമ്പത്തിക-തന്ത്രപരമായ പങ്കാളിയാണെന്ന് ഉറപ്പിച്ചു പറയുകയാണ് അമേരിക്ക ഈ നീക്കത്തിലൂടെ ചെയ്യുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!