ഡൽഹി: അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും ആഗോളതലത്തിലുള്ള വിലക്കയറ്റവും കാരണം രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലയിൽ വൻ വർധന. കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ പ്രധാന ഉപകരണങ്ങളുടെ വിലയാണ് ഏറ്റവും കൂടുതലായി ഉയർന്നത്.
വ്യാപാരികളുടെ റിപ്പോർട്ടുകൾ പ്രകാരം ലാപ്ടോപ്പുകളുടെ വിലയിൽ ഏകദേശം 70 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. 30 മുതൽ 50 ശതമാനം വരെ മൊബൈൽ ഫോണുകളുടെ വിലയും ഉയർന്നു. 4 ജി.ബി. റാം, 64 ജി.ബി. സ്റ്റോറേജ് ഉള്ള 5ജി സ്മാർട്ട്ഫോണുകളുടെ വിലയിൽ മാത്രം ഏകദേശം 5,000 രൂപ വരെ വർധന രേഖപ്പെടുത്തി.
ടി.വി സെറ്റുകളുടെ വിലയും 2,000 മുതൽ 5,000 രൂപ വരെ ഉയർന്നതായി വ്യാപാരികൾ പറയുന്നു. വാഷിങ് മെഷീൻ, മിക്സി, റഫ്രിജറേറ്റർ, ഇലക്ട്രിക് കെറ്റിൽ, ഫാൻ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വിലയും 300 മുതൽ 2,000 രൂപ വരെ വർധിച്ചിട്ടുണ്ട്.

സെമികണ്ടക്ടറുകളുടെ ആഗോള ദൗർലഭ്യവും പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് മേഖലയിൽ ഉണ്ടായ പ്രതിസന്ധിയും ഉൾപ്പെടെയുള്ള കാരണങ്ങളാണ് വിലവർധനയ്ക്ക് പിന്നിലെന്ന് മൊത്തവ്യാപാരികൾ വ്യക്തമാക്കുന്നു. ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന പഴയ ലാപ്ടോപ്പുകളും സ്മാർട്ട് ഫോണുകളും പുനരുപയോഗത്തിനായി ആകർഷകമായ വില നൽകി ചെറുകിട ഡീലർമാർ തിരിച്ചെടുക്കുന്ന സാഹചര്യവും നിലവിലുണ്ട്.
വിലവർധന മൂലം ഉത്സവ സീസണുകളിൽ വലിയ ഡിസ്കൗണ്ടുകൾ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. അതേസമയം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുറഞ്ഞ വില കാണിക്കുന്നുണ്ടെങ്കിലും പല ഉത്പന്നങ്ങളും സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ്. ഇതോടെ ഓൺലൈൻ വിലയോട് സാമ്യമുള്ള നിരക്കിൽ ഉത്പന്നങ്ങൾ ലഭിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതും റീട്ടെയിൽ വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.
