ഓട്ടവ: കാനഡയും അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള 30,000 കോടി ഡോളറിന്റെ വമ്പൻ വ്യാപാര കരാറായ ‘സി.യു.എസ്.എം.എ’പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. വരാനിരിക്കുന്ന ജൂലൈ 1-ലെ സംയുക്ത അവലോകന തിയതിക്ക് മുന്നോടിയായി, കാനഡയുടെ ട്രേഡ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അടുത്ത ആഴ്ച വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ ഏഴ് മാസമായി ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ അടിയന്തര നീക്കം. അമേരിക്കയും മെക്സിക്കോയും തമ്മിൽ നിലവിൽ ഉഭയകക്ഷി ചർച്ചകൾ പുരോ ഗമിക്കുമ്പോഴും, കാനഡയുമായുള്ള ചർച്ചകളിൽ അമേരിക്ക കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. കാനഡയ്ക്ക് മേൽ ചുമത്തിയ ഉയർന്ന തരിഫുകൾ (ഇറക്കുമതി നികുതി) പിൻവലിക്കാൻ ട്രംപ് ഭരണകൂടം തയ്യാറായിട്ടില്ല.അമേരിക്കയുടെ നികുതി നയങ്ങ ൾക്കെതിരെ ചൈനയെപ്പോലെ കാനഡയും ശക്തമായി തിരിച്ചടിച്ചതാണ് യു.എസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീയറെ പ്രകോപിപ്പിച്ചത്. ലോകത്ത് തങ്ങൾക്കെതിരെ പ്രതികരിച്ച രണ്ട് രാജ്യങ്ങൾ ചൈനയും കാനഡയുമാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രസ്താവി ച്ചിരുന്നു. ചർച്ചകളിൽ പുരോഗതി ഉണ്ടാകണമെങ്കിൽ കാനഡ ചില മുൻകൂർ നിബന്ധനകൾ പാലിക്കണമെന്നാണ് യു.എസിന്റെ ആവശ്യം. കാനഡയിലെ പ്രവിശ്യകളിൽ യു.എസ് മദ്യ വിൽപനയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കുക, വൻകിട സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളെ (നെറ്റ്ഫ്ളിക്സ്, ഡിസ്നി +) നിയന്ത്രിക്കുന്ന കാനഡയുടെ ‘ഓൺലൈൻ സ്ട്രീമിംഗ് ആക്ട്’ റദ്ദാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ വ്യവസായ മേഖലയ്ക്ക് കോടി ക്കണക്കിന് ഡോളറിന്റെ നേട്ടമുണ്ടാക്കുന്ന നിർദ്ദേശങ്ങൾ കാനഡ മുന്നോട്ടു വെച്ചി ട്ടുണ്ടെന്നും, അതിന് പകരമായി തങ്ങളുടെ ഉൽപ്പന്നങ്ങൾക്കുമേൽ യു.എസ് ചുമത്തിയ കടുത്ത നികുതികളിൽ യഥാർത്ഥ ഇളവാണ് കാനഡ പ്രതീക്ഷിക്കുന്നതെന്നും ട്രേഡ് മന്ത്രാലയ വക്താവ് അറിയിച്ചു. ഏതൊരു രാജ്യത്തിനും ആറ് മാസത്തെ മുൻകൂർ നോട്ടീസ് നൽകി ഈ കരാറിൽ നിന്ന് പിന്മാറാൻ സാധിക്കും. ട്രംപ് കരാർ റദ്ദാക്കുമെന്ന് ഭീഷണി പ്പെടുത്തുന്നത് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള തന്ത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരാനിരിക്കുന്ന ആഴ്ചകളിൽ വാഷിംഗ്ടണിൽ നടക്കുന്ന ചർച്ചകൾ കനേഡിയൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് അതീവ നിർണാ യകമാകും. വേഗത്തിൽ ഒരു മോശം കരാറിലേർപ്പെടുന്നതിനേക്കാൾ, കാനഡയ്ക്ക് ആവശ്യം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന നല്ലൊരു വ്യാപാര കരാറാണെന്നും ചർച്ചകൾ ജൂലൈ ഒന്നിന് ശേഷവും നീളാനാണ് സാധ്യതയെന്നും കാനഡ-യു.എസ് ട്രേഡ് എക്സ്പർട്ട് എറിക് മില്ലർ പറഞ്ഞു.
