കിച്ചനര്‍: കിച്ചനറില്‍ സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന സംഭരണശാലകള്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. സംഭരണ കേന്ദ്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിലപിടിപ്പുള്ള നിരവധി സാമഗ്രികള്‍ പോലീസ് ഇതിനകം വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവയുടെ യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയുന്നതിനായി പൊതുജനങ്ങളുടെ സഹായം വേണമെന്ന് വാട്ടര്‍ലൂ റീജനല്‍ പോലീസ് അറിയിച്ചു.
കഴിഞ്ഞ മെയ് 19-നും 20-നും ഇടയിലാണ് റിവര്‍ബെന്‍ഡ് ഡ്രൈവിനും വെല്ലിംഗ്ടണ്‍ സ്ട്രീറ്റ് നോര്‍ത്തിനും സമീപമുള്ള അതീവ സുരക്ഷിതമായ ഒരു സംഭരണ യാര്‍ഡില്‍ കവര്‍ച്ച നടന്നത്. ഈ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലെ വലിയ പൂട്ട് പ്രത്യേക ഉപകരണം ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് പ്രതികള്‍ ഉള്ളില്‍ കടന്നത്. തുടര്‍ന്ന് യാര്‍ഡിനുള്ളിലെ രണ്ട് സംഭരണശാലകളുടെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. ഇവയില്‍ സൂക്ഷിച്ചിരുന്ന വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, വിവിധതരം ടൂളുകള്‍, മറ്റ് വ്യക്തിഗത സാമഗ്രികള്‍ എന്നിവ കവര്‍ച്ച ചെയ്യപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി.

സംഭവത്തില്‍ പോലീസ് നടത്തിയ ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ മോഷ്ടിക്കപ്പെട്ട നിരവധി വസ്തുക്കള്‍ പിന്നീട് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുതിരസവാരിക്ക് ഉപയോഗിക്കുന്ന സാമഗ്രികള്‍ (Equestrian equipment), പെയിന്റിംഗ് ഉപകരണങ്ങള്‍, ഒരു നായക്കൂട് (Dog crate) എന്നിവയാണ് പോലീസ് കണ്ടെടുത്ത പ്രധാന വസ്തുക്കള്‍. കണ്ടെടുക്കപ്പെട്ട വസ്തുക്കളില്‍ ചിലത് ഇതുവരെ പോലീസില്‍ പരാതിപ്പെടാത്ത മറ്റ് വ്യക്തികളുടേതാകാന് സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
അതിനാല്‍ ഈ പ്രദേശത്തെ സംഭരണശാലകളില്‍ നിന്ന് വസ്തുക്കള്‍ നഷ്ടപ്പെട്ടവര്‍ അടിയന്തരമായി നോര്‍ത്ത് ഡിവിഷന് പോലീസിനെ (519-570-9777, എക്സ്റ്റന്‍ഷന്‍ 6399) ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പ്രതികളെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ വിവരങ്ങള്‍ കൈമാറണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
