ഓട്ടവ: ഓട്ടവയില്‍ പുതിയ വീടുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന എച്ച്എസ്ടി (HST) നികുതിയിളവ് പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ എത്തിയതോടെ ഭവന വിപണിയില്‍ വന്‍ ഉണര്‍വ്. ഗ്രേറ്റര്‍ ഓട്ടവ ഹോം ബില്‍ഡേഴ്സ് അസോസിയേഷന് (GOHBA) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ മാസത്തില്‍ മാത്രം 744 പുതിയ വീടുകളാണ് ഓട്ടവയില്‍ വിറ്റുപോയത്. മുന്‍ മാസത്തെ അപേക്ഷിച്ച് ഭവന വില്‍പ്പനയില്‍ 160 ശതമാനത്തിലധികം വര്‍ധനാണ് രേഖപ്പെടുത്തിയത്. ഒട്ടാവയ്ക്ക് പുറമെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും (GTA) ഏപ്രില്‍ മാസത്തില്‍ സമാനമായ രീതിയില്‍ വലിയ വില്‍പ്പന മുന്നേറ്റം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന ഫെഡറല്‍-പ്രൊവിന്‍ഷ്യല്‍ സംയുക്ത നികുതിയിളവ് പദ്ധതിയാണ് ഈ വന്‍ ഭവന വിപണി മുന്നേറ്റത്തിന് വഴിതുറന്നത്. ഒന്റാരിയോയില്‍ പുതിയ വീടുകള്‍ വാങ്ങുമ്പോള്‍ ഈ പദ്ധതി വഴി എച്ച്എസ്ടിയില് വലിയ ഇളവാണ് സര്‍ക്കാര്‍ നല്‍കുന്നത്. വീടിന്റെ വില്‍പ്പന വിലയില്‍ പരമാവധി 1,30,000 ഡോളര്‍ വരെ, അതായത് ഏകദേശം 13 ശതമാനത്തോളം തുക ഇളവായി ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലാഭിക്കാം. മുന്‍പ് വീട് വാങ്ങാന്‍ ആഗ്രഹിക്കുകയും എന്നാല്‍ ഉയര്‍ന്ന നിരക്കുകള്‍ കാരണം മാറിനില്‍ക്കുകയും ചെയ്തിരുന്ന നിരവധി ആളുകള്‍ ഈ നികുതിയിളവ് വന്നതോടെ കരാറുകളില്‍ ഒപ്പുവെക്കാന്‍ മുന്നോട്ടുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഫിന്‍ഡ്ലെ ക്രീക്ക് വില്ലേജിലെ ടാമരാക് ഹോംസ് സെയില്‍സ് ഓഫീസുകളില്‍ നിന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രകാരം തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പുതിയ വീടുകള്‍ സ്വന്തമാക്കാന്‍ ആളുകള്‍ക്ക് എക്കാലത്തും താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും ഉയര്‍ന്ന വില പലരെയും പിന്നോട്ട് വലിയ്ക്കുകയായിരുന്നു. എന്നാല്‍ പുതിയ റിബേറ്റ് പ്രഖ്യാപിച്ചതോടെ സാധാരണക്കാര്‍ക്ക് പോലും വീട് സ്വന്തമാക്കല്‍ കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണ്. ആദ്യ മാസത്തില്‍ തന്നെ പ്രവിശ്യയിലുടനീളം മികച്ച പ്രതികരണമാണ് ഈ ഇളവിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ 2026 വരെ നിശ്ചയിച്ചിട്ടുള്ള ഈ എച്ച്എസ്ടി നികുതിയിളവ് പദ്ധതി വരും വര്ഷങ്ങളിലേക്കും ദീര്‍ഘിപ്പിക്കണമെന്നാണ് നിലവില്‍ ഭവന നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം.
