Thursday, May 28, 2026

കെബെക്കിലെ ഭവന സമുച്ചയങ്ങള്‍ ദയനീയ അവസ്ഥയില്‍; നവീകരണത്തിന് കോടികള്‍ വേണമെന്ന് റിപ്പോര്‍ട്ട്


മണ്‍ട്രിയോള്‍: കെബെക്കിലെ പൊതു സാമൂഹിക ഭവനങ്ങളുടെ (Social Housing) അവസ്ഥ അതീവ ദയനീയമെന്ന് റിപ്പോര്‍ട്ട്. പ്രവിശ്യയിലെ ആകെ പൊതു ഭവനങ്ങളുടെ മൂന്നിലൊന്നോളം വരുന്ന 21,500 ഓളം വീടുകള്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള അവസ്ഥയിലാണ്. പണപ്പെരുപ്പം വര്‍ധിക്കുന്നതിനനുസരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള ബജറ്റ് തുക തികയാതെ വരുമെന്ന ആശങ്കയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍. പ്രവിശ്യാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ വീടുകളില്‍ താമസക്കാരുടെ കുടുംബ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് വാടകയായി ഈടാക്കുന്നത്.

കെബെക്കിലെ സാമൂഹിക ഭവന സമുച്ചയങ്ങളുടെ അവസ്ഥ എ (A) മുതല്‍ ഇ (E) വരെയുള്ള ഗ്രേഡുകളായാണ് തരംതിരിച്ചിരിക്കുന്നത്. ഇതില്‍ ‘D’, ‘E’ ഗ്രേഡിലുള്ളവ വളരെ മോശം അവസ്ഥയിലുള്ള കെട്ടിടങ്ങളാണ്. ഇവയുടെ അറ്റകുറ്റപ്പണി ചെലവ് കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണ മൂല്യത്തിന്റെ 15 ശതമാനത്തിലും അധികമാണ്. എന്നാല്‍ ഈ ഗ്രേഡുകള്‍ അടുത്ത അഞ്ച് വര്‍ഷത്തെ പണച്ചെലവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിലവില്‍ ഈ വീടുകള്‍ താമസയോഗ്യവും സുരക്ഷിതവുമാണെന്നുമാണ് പ്രവിശ്യാ സര്‍ക്കാരിന്റെ വാദം. കെബെക്കിലെ ആകെ ഭവന സമുച്ചയങ്ങളുടെ പകുതിയിലധികവും മണ്‍ട്രിയോള്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

കണക്കുകള്‍ പ്രകാരം, മണ്‍ട്രിയോളില്‍ ‘D’, ‘E’ ഗ്രേഡിലുള്ള വീടുകളുടെ എണ്ണം 2023-ല്‍ 76 ശതമാനമായിരുന്നത് 2026-ല്‍ 53 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മോണ്‍ട്രിയലിന്റെ വടക്കന്‍ പ്രാന്തപ്രദേശമായ ലാവലില്‍ (Laval) ഭവനങ്ങളുടെ അവസ്ഥ ഇപ്പോഴും മോശമാണ്. ലാവലിലെ 82.2 ശതമാനം പൊതു വീടുകള്‍ക്കും ഇപ്പോഴും വലിയ രീതിയിലുള്ള അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. ഇവിടെ വെറും 578 വീടുകള്‍ മാത്രമാണ് നിലവില്‍ നല്ല അവസ്ഥയിലുള്ളത്. അതേസമയം വലിയ നഗരങ്ങളെ അപേക്ഷിച്ച് കെബെക്കിന്റെ പ്രാദേശിക മേഖലകളിലെ പൊതു ഭവനങ്ങള്‍ ഭൂരിഭാഗവും നല്ല നിലയിലാണ്.

അറ്റകുറ്റപ്പണികള്‍ക്കായി വേണ്ടി വരുന്ന തുകയില്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്. 2023-ല്‍ മോശം അവസ്ഥയിലുള്ള 1,574 കെട്ടിടങ്ങള്‍ നവീകരിക്കാന്‍ 859.5 ദശലക്ഷം ഡോളര്‍ വേണമായിരുന്നെങ്കില്‍, 2026-ല്‍ അവശേഷിക്കുന്ന 1,445 കെട്ടിടങ്ങള്‍ നവീകരിക്കാന്‍ മാത്രം 1.079 ബില്യണ്‍ ഡോളറിലധികം ആവശ്യമാണ്. അതായത് അറ്റകുറ്റപ്പണി ചെലവില്‍ 25 ശതമാനത്തിന്റെ വര്‍ധന ഉണ്ടായി. 2023 മുതല്‍ 2028 വരെയുള്ള കാലയളവില്‍ ഭവനങ്ങള്‍ നവീകരിക്കുന്നതിനായി ക്യൂബെക് ഹൗസിംഗ് അതോറിറ്റി 3.6 ബില്യണ്‍ ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ 1.3 ബില്യണ്‍ ഡോളര്‍ ഇതിനകം തന്നെ അനുവദിക്കുകയോ ചിലവഴിക്കുകയോ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!