ഓട്ടവ: കുടുംബാംഗങ്ങളുടെ വേർപാടിനെ തുടർന്ന് മാനസികവും സാമൂഹികവുമായി ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ബിൽ C-222നെ പിന്തുണച്ച് കാനഡ പാർലമെന്റിൽ ചർച്ച നടന്നു. ബില്ലിനെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ച പ്രതിപക്ഷ അംഗം, ദുഃഖം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കുന്നതിനായി ബിൽ ശക്തിപ്പെടുത്താൻ കൺസർവേറ്റീവ് പാർട്ടി പ്രവർത്തിച്ചുവരുകയാണ്. നിലവിലെ വ്യവസ്ഥകൾ കൂടുതൽ കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വികസിപ്പിക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും വ്യക്തമാക്കി.

എംപ്ലോയിമെന്റ് ഇൻഷുറൻസ് (EI) ആക്ടിലും, കാനഡ ലേബർ കോഡിലുമാണ് ഭേദഗതി വരുത്തുന്നത്. കുട്ടി മരണപ്പെട്ടാലും മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾക്കും അവധി എടുക്കാനും അർഹതയുണ്ടെന്നും ബിൽ ഉറപ്പാക്കുന്നു. പ്രിയപ്പെട്ടവരുടെ നഷ്ടം നേരിടുന്ന കുടുംബങ്ങൾ പലപ്പോഴും സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, അവർക്കുള്ള പിന്തുണാ സംവിധാനങ്ങൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു.
ബിൽ C-222ന്റെ അന്തിമ രൂപം കൂടുതൽ കുടുംബങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ രൂപപ്പെടുത്താൻ വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിൽ കൂടിയാലോചനകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്. ബില്ലിന് പാർലമെന്റിൽ വ്യാപക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നു.
