വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് സന്തോഷിക്കാം. ജൂൺ 1 മുതൽ പ്രവിശ്യയിലെ മിനിമം വേതനത്തിൽ വലിയ വർധന നിലവിൽ വരും. നാളെ മുതൽ മണിക്കൂറിന് 18.25 ഡോളർ ആയിരിക്കും പുതിയ മിനിമം വേതനം. നിലവിലുണ്ടായിരുന്ന 17.85 ഡോളറിൽ നിന്നും പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി 40 സെൻ്റ് വർധിപ്പിച്ചാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ കാനഡയിലെ പത്ത് പ്രവിശ്യകളിൽ വെച്ച് ഏറ്റവും ഉയർന്ന മിനിമം വേതനം നൽകുന്ന പ്രവിശ്യയായി ബ്രിട്ടീഷ് കൊളംബിയ മാറി.

മിനിമം വേതനം വർധിപ്പിച്ചെങ്കിലും മെട്രോ വൻകൂവർ പോലുള്ള നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇപ്പോഴും കുറവാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വൻകൂവറിൽ അടിസ്ഥാന ആവശ്യങ്ങളോടെ ജീവിക്കാൻ ഒരു മണിക്കൂറിൽ കുറഞ്ഞത് 27.75 ഡോളർ വേണമെന്നാണ് കണക്കുകൾ.
