Monday, June 1, 2026

ഇസ്രയേൽ ആക്രമണം തുടരുന്നു; അമേരിക്കയുമായുള്ള ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

ടെഹ്റാൻ: ലെബനനിൽ ഇസ്രയേൽ സൈനിക ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി നിർത്തിവെച്ചതായി ഇറാനുമായി ബന്ധമുള്ള തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്.

ലെബനനിലെ സാഹചര്യം സംബന്ധിച്ച് മധ്യസ്ഥർ വഴി നടന്നുവരുന്ന ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും ഇറാൻ അവസാനിപ്പിച്ചതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഇറാൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തി. വെടിനിർത്തൽ ലംഘനങ്ങളുടെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഗാസയിലെയും ലെബനനിലെയും സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളിൽ പുരോഗതി ഉണ്ടാകുന്നതുവരെ ചർച്ചകൾ പുനരാരംഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെബനൻ തലസ്ഥാനമായ ബെയ്റൂട്ട് നഗരത്തിന്റെ തെക്കൻ ഭാഗത്തുള്ള ദഹിയ മേഖലയെ ലക്ഷ്യമാക്കി ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. പ്രദേശവാസികളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്.

ഇറാൻ-അമേരിക്ക സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ. സമീപ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന സൈനിക നീക്കങ്ങളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കിയിട്ടുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തെയും സ്ഥിതിഗതികൾ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!