വൻകൂവർ: വർക്ക് ഫ്രം ഹോം പെട്ടെന്ന് റദ്ദാക്കാനാകില്ലെന്ന ബ്രിട്ടീഷ് കൊളംബിയ കോടതിയുടെ വിധി ദേശീയ ശ്രദ്ധ നേടുന്നു. കോവിഡ് കാലത്തിന് ശേഷം ജീവനക്കാരെ വീണ്ടും ഓഫീസിലേക്ക് തിരികെ വിളിക്കുന്ന പ്രവണത വർധിക്കുന്നതിനിടെയാണ് ഈ നിർണായക വിധി.
വൻകൂവർ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് വികസന കമ്പനിയിൽ ജോലി ചെയ്തിരുന്ന ട്രേസി പാരോളിൻ എന്ന ജീവനക്കാരിയാണ് വർക്ക് ഫ്രം ഹോം പെട്ടെന്ന് പിൻവലിച്ചതിനെതിരെ കേസ് നൽകിയത്. 2013-ൽ പ്രസവാവധിക്ക് ശേഷം കുടുംബ സാഹചര്യങ്ങൾ പരിഗണിച്ച് ട്രേസിക്ക് ഇളവുകളോടെയുള്ള ജോലി സമയം കമ്പനി അനുവദിച്ചിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പൂർണമായും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ തുടങ്ങിയ ട്രേസി പിന്നീട് മറ്റ് ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയപ്പോഴും മേലുദ്യോഗസ്ഥരുടെ അനുമതിയോടെ വർക്ക് ഫ്രം ഹോം തുടർന്നു.
എന്നാൽ 2023-ൽ പുതിയ മേലുദ്യോഗസ്ഥൻ ഈ ക്രമീകരണം അവസാനിപ്പിച്ച് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു. തുടർന്ന് ജോലി ഉപേക്ഷിച്ച പാരോളിൻ, തൊഴിലുടമയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

ദീർഘകാലമായി തുടരുന്ന ഇളവുകളോടെയുള്ള ജോലി രീതി തൊഴിൽ കരാറിന്റെ അടിസ്ഥാന ഘടകമായി മാറിയിരുന്നുവെന്നും അതിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ തൊഴിലുടമയ്ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വിധി എല്ലാ തൊഴിലുടമകൾക്കും റിട്ടേൺ-ടു-ഓഫീസ് നയങ്ങൾ നടപ്പാക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ സന്ദേശമാണ് നൽകുന്നത് തൊഴിൽ നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി. വർക്ക് ഫ്രം ഹോം താൽക്കാലിക ക്രമീകരണമാണോ, സ്ഥിരമായ തൊഴിൽ വ്യവസ്ഥയാണോ എന്ന കാര്യത്തിൽ വ്യക്തത അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
ജീവനക്കാരിയുടെ സമ്മതമോ മുൻകൂർ നോട്ടീസോ ഇല്ലാതെ അത് അവസാനിപ്പിച്ചത് തൊഴിൽ കരാറിലെ അടിസ്ഥാന വ്യവസ്ഥയിൽ വലിയ മാറ്റം വരുത്തിയതാണെന്നും കോടതി കണ്ടെത്തി. തുടർന്ന്, 19 മാസത്തെ ‘റീസണബിൾ നോട്ടീസ്’ കാലയളവ് കണക്കാക്കി ജീവനക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന താഴ്ന്ന കോടതിയുടെ ഉത്തരവും അപ്പീൽ കോടതി ശരിവച്ചു.
അതേസമയം, ഈ വിധി എല്ലാ ജീവനക്കാർക്കും വർക്ക് ഫ്രം ഹോമിനുള്ള സ്ഥിരാവകാശം നൽകുന്നില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ദീർഘകാലമായി നിലനിന്നിരുന്ന വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ പിൻവലിക്കുമ്പോൾ തൊഴിലുടമകൾ മുന്നറിയിപ്പുകളും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ഈ വിധിയിലൂടെ കോടതി നൽകുന്നതെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളം കൂടുതൽ സ്ഥാപനങ്ങൾ ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചുവിളിക്കുന്ന സാഹചര്യത്തിൽ, സമാന കേസുകൾ അടുത്ത മാസങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
