ചെന്നൈ: മുന്‍ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷനും പ്രമുഖ നേതാവുമായ കെ. അണ്ണാമലൈ ബിജെപിയില്‍ നിന്നും രാജി സമര്‍പ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിയില്‍ നിന്നും സൗഹാര്‍ദപൂര്‍വ്വം വിട നല്‍കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വരും ദിവസങ്ങളില്‍ തന്നെ മറുപടി നല്‍കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
നടന് രജനീകാന്തുമായി കൈകോര്‍ത്ത് ‘മക്കള്‍ ശക്തി’ എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയോ അല്ലെങ്കില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിക്കാനാണ് അണ്ണാമലൈ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപിക്കേറ്റ കനത്ത പരാജയമാണ് അണ്ണാമലൈയുടെ പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് 11.24 ശതമാനമായിരുന്ന പാര്‍ട്ടിയുടെ വോട്ടിങ് ശതമാനം ഇത്തവണ 2.64 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയില്‍ നിന്നും നേരിട്ട അവഗണനയും നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു.

അണ്ണാഡിഎംകെയുമായുള്ള (AIADMK) സഖ്യം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി അണ്ണാമലൈയെ തമിഴ്നാട് ബിജെപി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയതുമുതല്‍ അദ്ദേഹം നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു. നടന് വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (TVK) തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുന്‍പ് തന്നെ പ്രവചിച്ച അണ്ണാമലൈ, താന്‍ ഒരു വലിയ സര്‍പ്രൈസ് അണിയറയില്‍ ഒരുക്കുന്നുണ്ടെന്ന് അടുത്ത അനുയായികളോട് സൂചിപ്പിച്ചിരുന്നു. കൂടാതെ, അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷാ നയത്തെ പരസ്യമായി വിമര്‍ശിച്ചതും പാര്‍ട്ടി വിടാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളുടെ തുടക്കമായിരുന്നു.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കെ. അണ്ണാമലൈ സര്‍വീസ് രാജിവെച്ച് 2020-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് 2021 മുതല്‍ 2025 വരെ തമിഴ്നാട്ടില്‍ പാര്‍ട്ടിയെ നയിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള മുഖമായി മാറി. അണ്ണാമലൈയുടെ രാജി ദക്ഷിണേന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് വലിയൊരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
