അബുദാബി: അബൂദാബിയിലെ പൊതു ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹന ഉടമകള്‍ക്ക് ഇനി ടിക്കറ്റെടുക്കാനായി കാത്തുനില്‍ക്കാതെ സുഗമമായി വാഹനം പാര്‍ക്ക് ചെയ്യാം. ലൈസന്‍സ് പ്ലേറ്റ് ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് ദര്‍ബ് വാലറ്റ് വഴി നേരിട്ട് പണമടയ്ക്കാന്‍ സാധിക്കുന്ന ‘ഫ്രീ ഫ്ളോ പെയ്ഡ് പാര്‍ക്കിങ്’ (Free-Flow Paid Parking) സംവിധാനമാണ് അബൂദബിയില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ഈ പുതിയ പേയ്മെന്റ് സിസ്റ്റം സജീവമായതായി ക്യു മൊബിലിറ്റി അറിയിച്ചു.
പുതിയ സംവിധാനം വഴി പാര്‍ക്കിങ് പ്രക്രിയ കൂടുതല്‍ എളുപ്പമാകും. ഡ്രൈവര്‍മാര്‍ക്ക് തടസ്സമില്ലാതെ പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഇത് സഹായിക്കും. പുതിയ സ്മാര്‍ട്ട് സംവിധാനം സുഗമമായി ഉപയോഗിക്കുന്നതിനായി വാഹന ഉടമകള്‍ തങ്ങളുടെ ദര്‍ബ് വാലറ്റില്‍ മതിയായ ബാലന്‍സ് നിലനിര്‍ത്തണമെന്ന് ക്യു മൊബിലിറ്റി പ്രത്യേകം ഓര്‍മിപ്പിച്ചു. 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും (24/7) ഈ സേവനം ലഭ്യമാണ്.

മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് ഈ സംവിധാനത്തിലെ പാര്‍ക്കിങ് ഫീസ്. 24 മണിക്കൂര്‍ നേരത്തേക്ക് പരമാവധി 15 ദിര്‍ഹം മാത്രമായിരിക്കും ഈടാക്കുക. നിലവില്‍ അബൂദബി ഐലന്റിലെ പ്രധാന പൊതു ബഹുനില പാര്ക്കിങ്ങുകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. 394 പാര്‍ക്കിങ് സ്പേസുകളുള്ള പബ്ലിക് പാര്‍ക്കിങ് കെട്ടിടം നമ്പര്‍ 1 (സെക്ടര്‍ ഈസ്റ്റ് 01-3), 265 സ്പേസുകളുള്ള പബ്ലിക് പാര്‍ക്കിങ് കെട്ടിടം നമ്പര്‍ 5 (സെക്ടര്‍ 02-3) എന്നിവിടങ്ങളില്‍ ഈ സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു.
കൂടാതെ, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളിലെ വലിയ പാര്‍ക്കിങ് സമുച്ചയങ്ങളിലും ഈ സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ ME9, ME10, ME12 എന്നീ മേഖലകളിലായി 1,446 പാര്‍ക്കിങ് സ്പേസുകളിലാണ് പുതിയ ‘ഫ്രീ ഫ്ളോ’ പേയ്മെന്റ് സംവിധാനം പ്രവര്‍ത്തിക്കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് ഈ സ്മാര്‍ട്ട് സേവനം വ്യാപിപ്പിക്കുമെന്നാണ് സൂചന.
