Thursday, June 4, 2026

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെ 3 പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്വേഷണസംഘം ആയിരം പേജുള്ള വിശദമായ കുറ്റപത്രം നല്‍കിയത്. പ്രമുഖ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പായിരുന്നുവെന്ന് പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്നും 40 ശതമാനം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും, എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ വഞ്ചിച്ചെന്നുമാണ് കേസ്. അരൂര്‍ സ്വദേശിയായ സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ തങ്ങള്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ (FIR) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

മരട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക വഞ്ചനാ കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘമാണ് (SIT) അന്വേഷിച്ചത്. പ്രതികള്‍ക്കെതിരെ ഐ.പി.സി 406 (വിശ്വാസവഞ്ചന), 420 (തട്ടിപ്പ്), 120 ബി (ഗൂഢാലോചന), 34 (പൊതുവായ ഉദ്ദേശ്യം) തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടന്‍ സൗബിന്‍ ഷാഹിറിന്റെ പിതാവ് ബാബു ഷാഹിറാണ് കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയുമായി മുന്‍പ് കോടതിയെ സമീപിച്ചിരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!