ഓട്ടവ: ഓട്ടവയുടെ തെക്കന്‍ ഗ്രാമീണ മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായി. മെറ്റ്കാഫ് കമ്മ്യൂണിറ്റിക്ക് സമീപമുള്ള 8 ലൈന്‍ റോഡിലുളള വലിയൊരു ഫാമിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 12:45 ഓടെ വിവരമറിഞ്ഞ് അഗ്‌നിശമനസേന സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും പടര്‍ന്നുപിടിച്ചിരുന്നു.

പ്രദേശത്ത് അഗ്‌നിശമന ഹൈഡ്രന്റുകള്‍ ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളിയായി. കത്തിയമര്‍ന്ന കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും, ഒരു കെട്ടിടത്തോട് ചേര്‍ന്നുള്ള ഇന്ധന ടാങ്കും, മുകളിലൂടെ പോയ വൈദ്യുത ലൈനുകളും അപകടസാധ്യത ഇരട്ടിയാക്കി. ഒടുവില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അഗ്‌നിശമനസേന തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
