വൻകൂവർ: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ബ്രിട്ടീഷ് കൊളംബിയയിലെ ഗ്രൗസ് മൗണ്ടൻ മലമുകളിൽ ഭീമൻ കനേഡിയൻ പതാക സ്ഥാപിച്ച് ശ്രദ്ധനേടി അധികൃതർ. ലോകകപ്പിനായി വൻകൂവറിലെത്തുന്ന അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും കനേഡിയൻ ഫുട്ബോൾ ടീമിന് പിന്തുണ പ്രഖ്യാപിക്കുന്നതിനുമായാണ് ഈ വമ്പൻ പദ്ധതി നടപ്പാക്കിയത്.
160 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള പതാകയ്ക്ക് ഏകദേശം രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തീർണ്ണമുണ്ട്. 1,360 കിലോഗ്രാം (3,000 പൗണ്ട്) ഭാരമുള്ള ഈ പതാക 70-ലധികം സന്നദ്ധ പ്രവർത്തകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണ് മലയുടെ ചരിവിൽ വിരിച്ചത്.
മലമുകളിൽ വിരിച്ച ഏറ്റവും വലിയ ദേശീയ പതാക എന്ന വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലെ റെക്കോർഡ് 140 മീറ്റർ നീളവും 70 മീറ്റർ വീതിയുമുള്ള മംഗോളിയൻ പതാകയുടെ പേരിലാണ്. പുതിയ കനേഡിയൻ പതാക ഈ റെക്കോർഡ് മറികടക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

വൻകൂവർ നഗരത്തിന് അഭിമുഖമായുള്ള സ്കീ റണ്ണിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. മലമുകളിൽ നിന്ന് മാത്രമല്ല, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആകാശമാർഗത്തിലൂടെയും വ്യക്തമായി കാണാൻ കഴിയുന്ന രീതിയിലാണ് പതാക ക്രമീകരിച്ചതെന്ന് ഗ്രൗസ് മൗണ്ടൻ റിസോർട്ടിന്റെ മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ ആഡം റൂട്ട്മാൻ അറിയിച്ചു.
എന്നാൽ പദ്ധതിക്കെതിരെ ചില വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. കാനഡ സർക്കാരിന്റെ ഔദ്യോഗിക മാർഗനിർദേശങ്ങൾ പ്രകാരം ദേശീയ പതാക നിലത്ത് തൊടാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പ്രധാന ആരോപണം. പതാകയുടെ പ്രദർശന രീതിയും ചിലർ ചോദ്യം ചെയ്തിട്ടുണ്ട്.
ഇതിന് മറുപടിയായി, മലയുടെ ഭൂപ്രകൃതിയും വിവിധ കാഴ്ചപ്പാടുകളും പരിഗണിച്ചാണ് പതാക സ്ഥാപിച്ചതെന്നും രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് പദ്ധതിയുടെ ഏക ലക്ഷ്യമെന്നും റിസോർട്ട് അധികൃതർ വ്യക്തമാക്കി. പതാകയുടെ നിലവിലെ സ്ഥാനത്തിൽ മാറ്റം വരുത്താനുള്ള പദ്ധതിയില്ലെന്നും അവർ അറിയിച്ചു.ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതരുടെ ഔദ്യോഗിക പരിശോധനയും അംഗീകാര നടപടികളും അടുത്ത ദിവസങ്ങളിൽ നടക്കുമെന്നാണ് വിവരം.
