തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. എറണാകുളം മുതൽ കാസർകോട് വരെയുള്ള എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷം സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് കേരള തീരം തൊട്ടതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ആദ്യ ദിവസങ്ങളിൽ തന്നെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പത്താം തീയതി വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും തുടരുമെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.
