Friday, June 5, 2026

സിഎംആർഎൽ കേസ്: ഇ ഡിക്ക് അന്വേഷണം തുടരാം; അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ ഇടപാടുകളുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ കേരള ഹൈക്കോടതി തള്ളി. ഇതോടെ കേസിലെ അന്വേഷണം തുടരാൻ ഇ ഡിക്ക് അനുമതി ലഭിച്ചു.

ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നോ പ്രത്യേകമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നോ ഉള്ള കാരണങ്ങൾ അന്വേഷണം തടയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇ ഡിക്ക് അന്വേഷണം തുടരാം എന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് ചോദ്യം ചെയ്താണ് സിഎംആർഎൽ അപ്പീൽ സമർപ്പിച്ചത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ പിണറായി വിജയന്റെ വസതിയടക്കമുള്ള സ്ഥലങ്ങളിൽ ഇ ഡി പരിശോധന നടത്തിയതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഡിവിഷൻ ബെഞ്ച് നിരസിച്ചു. അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കേണ്ടതല്ലേയെന്ന ചോദ്യവും കോടതി വാദത്തിനിടെ ഉയർത്തി. കുറ്റകൃത്യമില്ലെങ്കിൽ സിഎംആർഎല്ലിന് ക്ലീൻ ചിറ്റ് ലഭിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണം അധികാരപരിധി ലംഘിച്ചാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. എഫ്ഐആർ ഇല്ലാതെ അന്വേഷണം ആരംഭിച്ചതും ചോദ്യം ചെയ്തിരുന്നു. എന്നാൽ വ്യാജരേഖ ചമച്ചത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് കേസിന് അടിസ്ഥാനമെന്നാണ് ഇ ഡിയുടെ നിലപാട്.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്താൻ ഇ ഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് നടക്കുമെന്നാണ് വിവരം. സിഎംആർഎൽ കേസും ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ സംഭവങ്ങളും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പശ്ചാത്തലമാക്കി സുരക്ഷയും അന്വേഷണ പുരോഗതിയും വിലയിരുത്താനാണ് സന്ദർശനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!