ഡൽഹി: മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെയും ആഗോള അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. 2025–26 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറയുമെന്നാണ് പ്രവചനം.
വായ്പാ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പുതിയ സാമ്പത്തിക വിലയിരുത്തൽ അവതരിപ്പിച്ചത്. ഇന്ധനവിലയിലെ വർധന, ആഗോള സംഘർഷങ്ങൾ, എൽ നിനോ പ്രതിഭാസം എന്നിവ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിൽ 6.6 ശതമാനം, രണ്ടാം പാദത്തിൽ 6.3 ശതമാനം, മൂന്നാം പാദത്തിൽ 6.5 ശതമാനം, നാലാം പാദത്തിൽ 6.8 ശതമാനം എന്നിങ്ങനെയാണ് ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നത്.

അതേസമയം, ആർബിഐ വായ്പാനയത്തിൽ പലിശനിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരുമെന്ന് ഗവർണർ അറിയിച്ചു. പണപ്പെരുപ്പം നിലവിൽ ലക്ഷ്യപരിധിക്കുള്ളിലാണെങ്കിലും ആഗോള സംഘർഷങ്ങൾ ഭാവിയിൽ സമ്മർദ്ദം സൃഷ്ടിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മിഡിൽ ഈസ്റ്റ് സംഘർഷം മൂലം എണ്ണവില ഉയരാനുള്ള സാധ്യതയും അത് പണപ്പെരുപ്പത്തെ ബാധിക്കാനുള്ള സാധ്യതയും ആർബിഐ വിലയിരുത്തുന്നു. എങ്കിലും ഉടൻ പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് വായ്പാ സമിതി. കൃഷി മേഖലയിലും എൽ നിനോ പ്രതിഭാസം പ്രതിസന്ധിയാകാമെന്നും, അത് ഭക്ഷ്യോൽപ്പാദനത്തെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കാമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
