ഓട്ടവ: രാജ്യത്തെ ഉയർന്നുവരുന്ന ഭക്ഷ്യവിലക്കയറ്റത്തിന് താൽക്കാലിക ആശ്വാസമേകുന്നതിനായി കാനഡ സർക്കാർ പുതിയ സാമ്പത്തിക സഹായ പദ്ധതി ആരംഭിച്ചു. ‘Canada Groceries and Essentials Benefit’ എന്ന പേരിലുള്ള ഈ പദ്ധതി വഴി അർഹരായ കുടുംബങ്ങൾക്ക് നേരിട്ട് പണം നൽകുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.
ജിഎസ്ടി/എച്ച്എസ്ടി ക്രെഡിറ്റ് സംവിധാനത്തിലൂടെ നടപ്പാക്കുന്ന ഈ സഹായപദ്ധതിയിൽ, നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് പരമാവധി 534 ഡോളർ വരെ ഒറ്റത്തവണ സഹായമായി ലഭിക്കും. വ്യക്തികളുടെ വരുമാനവും കുടുംബാംഗങ്ങളുടെ എണ്ണവും പരിഗണിച്ചാണ് സഹായതുക നിശ്ചയിച്ചിരിക്കുന്നത്.

പുതിയ വ്യവസ്ഥ പ്രകാരം, ഒരു വ്യക്തിക്ക് പരമാവധി 679 ഡോളർ, ദമ്പതികൾക്ക് 890 ഡോളർ, ഓരോ കുട്ടിക്കും 234 ഡോളർ വീതം അധിക സഹായം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏകദേശം 1.2 കോടി ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സർക്കാർ കണക്കാക്കുന്നു.
ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള അടിയന്തര ഇടപെടലിന്റെ ഭാഗമായാണ് ഈ നടപടി. പ്രധാനമന്ത്രി മാർക്ക് കാർണി ഒരു ഗ്രോസറി സ്റ്റോർ സന്ദർശിച്ച് പദ്ധതിയുടെ ഔദ്യോഗിക തുടക്കം കുറിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, 2019 മുതൽ ഭക്ഷ്യവിലയിൽ ഏകദേശം 30 ശതമാനം വർധനവുണ്ടായതോടെ സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർന്നിരിക്കുകയാണ്. നിലവിലെ സഹായം താൽക്കാലിക ആശ്വാസം മാത്രമാണെന്നും ദീർഘകാല പരിഹാരത്തിനായി ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയും ഗ്രോസറി വിപണിയിൽ കൂടുതൽ മത്സരം ഉറപ്പാക്കുകയും വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
