ഡൽഹി: പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം.രാംലീല മൈതാനത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് ജന്തർ മന്ദറിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ, യുവാക്കൾ, രക്ഷിതാക്കൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
നീറ്റ്, സി.യു.ഇ.ടി., സി.ബി.എസ്.ഇ., എസ്.എസ്.സി. തുടങ്ങിയ പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ചാണ് പ്രതിഷേധക്കാർ കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം ഉയർത്തിയത്. വിദ്യാഭ്യാസമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം.
CJP സ്ഥാപകൻ അഭിജിത് ദീപ്കെ പരിപാടിക്ക് നേതൃത്വം നൽകാനായി വിദേശത്തുനിന്ന് ഇന്ന് രാവിലെ ഡൽഹിയിലെത്തി. സമരം സമാധാനപരമായി തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തതായും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാർ കൈയിൽ പുസ്തകങ്ങളും ദേശീയ പതാകയും കരുതിയാണ് സമരത്തിൽ പങ്കെടുത്തത്.

പ്രതിഷേധത്തെ പിന്തുണച്ച് പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ് ചുക്ക് രംഗത്തെത്തി. ദീപ്കെയ്ക്കെതിരേ നടപടി സ്വീകരിച്ചാൽ ആറാഴ്ച നിരാഹാര സമരമിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജന്തർ മന്ദറിനും മറ്റ് പ്രധാന കേന്ദ്രങ്ങൾക്കും ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
