Monday, June 8, 2026

ഐഎഎസ്-ഐപിഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി ഉടന്‍; സിവില്‍ സര്‍വീസ് ബോര്‍ഡില്‍ താത്പര്യങ്ങള്‍ അറിയിച്ച് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് തലപ്പത്ത് സമഗ്രമായ അഴിച്ചുപണി ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന സിവില്‍ സര്‍വീസ് ബോര്‍ഡ് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്ഥലംമാറ്റം സംബന്ധിച്ച താല്പര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെത്തിയ ഡോ. ബി. അശോക് തനിക്ക് പ്രധാനപ്പെട്ട കേഡര്‍ തസ്തിക തന്നെ വേണമെന്ന് യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് തന്നെ അപ്രധാന വകുപ്പിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കൂടാതെ, മുന്‍പ് ചീഫ് സെക്രട്ടറിയുമായി പരസ്യമായി കൊമ്പ് കോര്‍ത്ത എന്‍. പ്രശാന്തിനും പുതിയ പോസ്റ്റിംഗ് ഈ അഴിച്ചുപണിയിലൂടെ ഉണ്ടാകുമെന്നാണ് വിവരം.

നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറ് ജില്ലാ കളക്ടര്‍മാരെ മാറ്റിയതൊഴിച്ചാല്‍ ഐഎഎസ് തലപ്പത്ത് മറ്റ് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. മുന്‍ സര്‍ക്കാരിന് ഏറെ താല്പര്യമുണ്ടായിരുന്ന പല ഉദ്യോഗസ്ഥരും ഇപ്പോഴും തന്ത്രപ്രധാനമായ വകുപ്പുകളില്‍ തുടരുന്നതിനെതിരെ യുഡിഎഫ് അനുകൂല ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണരംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് ബോര്‍ഡ് ഉള്‍പ്പെടെ യോഗം ചേര്‍ന്ന് അഴിച്ചുപണി നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.

നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥ പദവിയിലേക്ക് പുതിയ ആളെ കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ധനകാര്യ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരിലൊരാള്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ബിശ്വനാഥ് സിന്‍ഹയ്ക്കാണ് കൂടുതല്‍ സാധ്യതയെങ്കിലും, മുഖ്യമന്ത്രിയായിരിക്കും ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഐഎഎസ് തലപ്പത്തിന് ഒപ്പം തന്നെ പോലീസ് ഉന്നതതലത്തിലും വലിയ അഴിച്ചുപണിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ മാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉടന്‍ തന്നെ നിര്‍ണായക കൂടിക്കാഴ്ച നടത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പ്പെടെയുള്ള പ്രമുഖ പദവികളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. വിവിധ നഗരങ്ങളിലെ പോലീസ് കമ്മീഷണര്‍മാര്‍, ജില്ലകളുടെ ചുമതല വഹിക്കുന്ന എസ്പിമാര്‍ എന്നിവരെയും മാറ്റും. ഇതിനൊപ്പം ചില പോലീസ് റെയ്ഞ്ചുകളില്‍ ഡിഐജിമാര്‍ക്ക് പുതിയ അധിക ചുമതലകള്‍ കൂടി നല്‍കാന്‍ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!