ന്യഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും വിമത നീക്കം. ഇരുപതോളം തൃണമൂല്‍ ലോക്സഭാ എംപിമാര്‍ ഡല്‍ഹിയില്‍ അതീവ രഹസ്യമായി യോഗം ചേര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോക്‌സഭയില്‍ തങ്ങള്‍ക്ക് പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ അനുമതി നല്‍കണമെന്ന് ഇവര്‍ സ്പീക്കറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും. എന്നാല്‍, സ്പീക്കര്‍ ഈ ആവശ്യം അംഗീകരിക്കാത്ത പക്ഷം പാര്‍ലമെന്റ് അംഗത്വം കൂട്ടത്തോടെ രാജിവെക്കുന്നതിനെക്കുറിച്ചും വിമതര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജ്യസഭാ എംപി സ്ഥാനവും രാജിവെച്ച മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയുടെ നേതൃത്വത്തിലാണ് ഡല്‍ഹിയില്‍ ലോക്‌സഭാ എംപിമാരുടെ രഹസ്യ യോഗം ചേര്‍ന്നത്. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണന് നേരിട്ടെത്തിയാണ് സുഖേന്ദു റോ തന്റെ രാജിസമ്മതപത്രം കൈമാറിയത്. പാര്‍ട്ടി നേതൃത്വവുമായി ഏറെ നാളായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് രാജ്യസഭാംഗത്വം ഒഴിയുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. തൃണമൂല്‍ വിട്ട സുഖേന്ദു റോ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നാണ് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍.

അതേസമയം, തൃണമൂലിലെ പൊട്ടിത്തെറി ലോക്‌സഭയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ രാജ്യസഭാ എംപിയായ കോയല്‍ മല്ലിക്കും ഉടന്‍ തന്നെ അംഗത്വം രാജിവെച്ചേക്കുമെന്നാണ് അറിയുന്നത്. ഒന്നിനു പുറകെ ഒന്നായി മുതിര്‍ന്ന നേതാക്കള്‍ വിമത ശബ്ദമുയര്‍ത്തുകയും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയും ചെയ്യുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പാര്‍ലമെന്റില്‍ പാര്‍ട്ടിയെ പിളര്‍ത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കാന്‍ തൃണമൂല്‍ നേതൃത്വം അടിയന്തര ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
