തിരുവനന്തപുരം: സംസ്ഥാനത്ത് സാംക്രമിക രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ദുരന്തസമാനമെന്ന് വിലയിരുത്തി ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ കാരണം എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ മാരകമായ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. സംസ്ഥാനത്ത് വലിയ തോതില്‍ പകര്‍ച്ചവ്യാധി നാശം വിതച്ച 2017-ലെ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ദുരന്ത പ്രതികരണ മാതൃകയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒന്നിച്ച് ചേര്‍ന്ന് പ്രതിരോധ നടപടികള്‍ അടിയന്തരമായി ഊര്‍ജിതമാക്കാന്‍ മന്ത്രിതല യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഗുരുതരമായ ഷിഗെല്ല രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട്ട് ഒരു കുട്ടി മരണപ്പെട്ടത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷ, തദ്ദേശ സ്വയംഭരണ വകുപ്പുകളോട് കര്‍ശനമായ ഫീല്‍ഡ് പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആലപ്പുഴയില്‍ ഷിഗെല്ല രോഗവ്യാപനത്തിന് കാരണമായ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും, കോഴിക്കോട് മരണത്തിന് ഇടയാക്കിയ രോഗബാധയുടെ യഥാര്‍ത്ഥ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നശീകരണവും ഊര്‍ജ്ജിതമാക്കും. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന ഉറപ്പാക്കാനും തീരുമാനമായിട്ടുണ്ട്. പൊതുജനങ്ങള്‍ സ്വയംചികിത്സ ഒഴിവാക്കണമെന്നും പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തി വിദഗ്ധ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
