Monday, June 8, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇറാനിലുള്ള ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും അതിരൂക്ഷമായ സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് എംബസി ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, ഇന്ത്യയില്‍ നിന്നുള്ളവര്‍ ഇറാനിലേക്കുള്ള അനാവശ്യ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും എംബസി പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

ലെബനാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ടെല്‍ അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലും ശക്തമായ തിരിച്ചടി നല്‍കിയതോടെയാണ് മേഖലയിലെ സാഹചര്യം പൂര്‍ണ്ണമായും കൈവിട്ടുപോയത്. നിലവിലെ വെടിനിര്‍ത്തല്‍ കരാറുകളുടെ ലംഘനങ്ങള്‍ക്കും ഇസ്രയേലിന്റെ ഏകപക്ഷീയമായ സൈനിക നടപടികള്‍ക്കും പിന്നില്‍ അമേരിക്കയുടെ നിരുത്തരവാദപരമായ നിലപാടാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് കുറ്റപ്പെടുത്തി.

ഇസ്രയേല്‍ എല്ലാ അന്താരാഷ്ട്ര ചുവപ്പുരേഖകളും മറികടന്നാണ് ബെയ്‌റൂട്ടിലും സമീപ പ്രദേശങ്ങളിലും ആക്രമണം നടത്തുന്നതെന്ന് ഇറാന്‍ മിലിട്ടറി പ്രതികരിച്ചു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് വഴുതിവീഴാതിരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ആത്മസംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം പൂര്‍ണ്ണമായും തള്ളിയ ഇസ്രായേല്‍ ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയാണ് ചെയ്തത്.

ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രയേലിലും നിലവില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയാന്‍ തുറസായ സ്ഥലങ്ങളില്‍ 200ലധികമോ അടച്ചിട്ട ഹാളുകളില്‍ 500ലധികമോ ആളുകള്‍ ഒത്തുകൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ഇസ്രയേലിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് തങ്ങളും ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി വിമത സംഘടനയും സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യ കടുത്ത യുദ്ധഭീതിയിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!