കുവൈറ്റ് സിറ്റി: വേനൽക്കാലത്തെ അതിതീവ്ര ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം കർശനമായി നടപ്പാക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. നിയമപാലനം ഉറപ്പാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണം ഓഗസ്റ്റ് 31 വരെ തുടരും.
നിയമം ലംഘിച്ച് നിയന്ത്രിത സമയങ്ങളിൽ തൊഴിലാളികളെ പുറത്ത് ജോലി ചെയ്യിക്കുന്ന തൊഴിലുടമകൾക്കെതിരെ 2010-ലെ ആറാം നമ്പർ തൊഴിൽ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് പുറമെ, നിയമലംഘനം നടത്തുന്ന കമ്പനികളുടെ ഫയലുകൾ വീഴ്ചകൾ പരിഹരിക്കുന്നതുവരെ താൽക്കാലികമായി മരവിപ്പിക്കുമെന്നും അറിയിച്ചു.

ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ വിവരം അറിയിക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു. ഇതിനായി 24936192 എന്ന അടിയന്തര ഹെൽപ്‌ലൈൻ നമ്പർ പ്രവർത്തനസജ്ജമാണ്.
വേനൽക്കാലത്ത് ഉയരുന്ന താപനില തൊഴിലാളികളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്നതിനാൽ തൊഴിൽ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും രാജ്യത്തെ വിവിധ തൊഴിലിടങ്ങളിൽ വ്യാപകമായ ഫീൽഡ് പരിശോധനകൾ തുടരുമെന്നും അധികൃതർ.
