Thursday, June 11, 2026

ജി7 ഉച്ചകോടിക്കായി മാര്‍ക്ക് കാര്‍ണി യൂറോപ്പിലേക്ക്; അയര്‍ലന്‍ഡും ഫ്രാന്‍സുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കാനഡ

ഓട്ടവ: ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി യൂറോപ്പിലേക്ക്. ജൂണ്‍ 15 മുതല്‍ 17 വരെ ഫ്രാന്‍സിലെ എവിയാന്‍-ലെ-ബെയിന്‍സില്‍ (Évian-les-Bains) വെച്ചാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഉച്ചക്കോടിയില്‍ പങ്കെടുക്കും. ഈ നിര്‍ണ്ണായക യാത്രയില്‍ അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ഉന്നത ഭരണാധികാരികളുമായി അദ്ദേഹം പ്രത്യേക ചര്‍ച്ചകള്‍ നടത്തും. കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദവും വ്യാപാര ബന്ധങ്ങളും കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഈ സന്ദര്‍ശനം വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഇറാനില്‍ അമേരിക്ക പുതിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതോടെ ആഗോളതലത്തില്‍ ഉണ്ടായ ഇന്ധന പ്രതിസന്ധിയും പണപ്പെരുപ്പവുമാകും ഉച്ചകോടിയിലെ പ്രധാന വിഷയങ്ങള്‍. അമേരിക്ക-ഇസ്രയേല്‍ സൈനിക നീക്കത്തെ പിന്തുണയ്ക്കാന്‍ മടിക്കുന്ന നാറ്റോ സഖ്യകക്ഷികള്‍ക്കെതിരെ ട്രംപ് നേരത്തെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജി7 രാജ്യങ്ങളില്‍ ആറെണ്ണവും നാറ്റോ അംഗങ്ങളാണ്. കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യകളുടെ നിയന്ത്രണം, സോഷ്യല്‍ മീഡിയ സുരക്ഷ എന്നിവയിലും ട്രംപ് മറ്റ് ലോകനേതാക്കളുമായി കൊമ്പുകോര്‍ക്കാന്‍ സാധ്യതയുണ്ട്. കാനഡയും ഫ്രാന്‍സും എ.ഐ സാങ്കേതികവിദ്യകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, യു.എസ് നിര്‍മ്മിത എ.ഐ ടൂളുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് ട്രംപ് താല്പര്യപ്പെടുന്നത്. ഭിന്നതകള്‍ രൂക്ഷമായതിനാല്‍ ഇത്തവണ ഉച്ചകോടിയുടെ അവസാനം സംയുക്ത പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.

യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലാണ് എത്തിച്ചേരുക. അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെക്കും. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിലെ പുതിയ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചര്‍ച്ചാവിഷയമാകുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ കാനഡയും അയര്‍ലന്‍ഡും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഭരണാധികാരികള്‍ സംസാരിക്കും. ഇതിനുശേഷമായിരിക്കും ജി7 ഉച്ചകോടിയുടെ ഔദ്യോഗിക വേദിയായ ഫ്രാന്‍സിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കുക.

ഉച്ചകോടിക്ക് ശേഷം കാര്‍ണി അയര്‍ലന്‍ഡ് സന്ദര്‍ശിക്കും. അയര്‍ലന്‍ഡ് പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിനുമായി ഡബ്ലിനില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, തുടര്‍ന്ന് തന്റെ പൂര്‍വ്വികരുടെ ജന്മനാടായ കൗണ്ടി മായോയും സന്ദര്‍ശിക്കും. കാര്‍ണിയുടെ മുത്തശ്ശനും മുത്തശ്ശിയും 1925-ല്‍ കാനഡയിലേക്ക് കുടിയേറുന്നതിന് മുന്‍പ് ഈ പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. കാനഡ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനായി അയര്‍ലന്‍ഡ് പൗരത്വം ഉപേക്ഷിച്ച കാര്‍ണിയുടെ ഈ സന്ദര്‍ശനത്തെ വലിയ ആവേശത്തോടെയാണ് ഐറിഷ് മാധ്യമങ്ങളും പ്രാദേശിക ജനങ്ങളും കാത്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!