Thursday, June 11, 2026

17,000 ഉപഭോക്താക്കള്‍ക്ക് വെളിച്ചമെത്തി; വൈദ്യുതി തകരാര്‍ പരിഹരിച്ച് മാനിറ്റോബ ഹൈഡ്രോ

വിനിപെഗ്: മാനിറ്റോബ പ്രവിശ്യയില്‍ സമീപകാലത്തുണ്ടായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് മാനിറ്റോബ ഹൈഡ്രോ. പ്രവിശ്യയിലുടനീളം ശക്തമായ കാറ്റില്‍ പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നുവീണതിനെ തുടര്‍ന്ന് ഏകദേശം 25,000ത്തോളം കുടുംബങ്ങളാണ് ഇരുട്ടിലായത്. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ 17,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം ഇതിനകം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 11 അവസാനത്തോടെ ബാക്കിയുള്ള സ്ഥലങ്ങളിലും വെളിച്ചമെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മാനിറ്റോബ ഹൈഡ്രോ ‘എക്‌സ്’ പോസ്റ്റില്‍ അറിയിച്ചു.

കനത്ത മഴ, ആലിപ്പഴ വര്‍ഷം, മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ കാറ്റ്, രണ്ട് ചുഴലിക്കാറ്റുകള്‍ എന്നിവയാണ് പ്രവിശ്യയില്‍ ഇത്രയും വലിയ നാശനഷ്ടം വിതച്ചത്. റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണും, സിഗ്‌നല്‍ ലൈറ്റുകള്‍ കേടായതും, കനത്ത മഴയില്‍ മലിനജല പൈപ്പുകള്‍ നിറഞ്ഞുകവിഞ്ഞതും ജനജീവിതം സ്തംഭിപ്പിച്ചു. നഗരത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് 311 ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് കോളുകളുടെ പ്രവാഹമാണ്.

അതേസമയം, പ്രവിശ്യയുടെ തെക്കന്‍ മേഖലകളില്‍ വീണ്ടും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും വടക്കുകിഴക്കന്‍ മേഖലകളില്‍ കനത്ത മഴ മുന്നറിയിപ്പും നിലനില്‍ക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കാലാവസ്ഥ വീണ്ടും മോശമായാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സമയപരിധിയില്‍ മാറ്റം വന്നേക്കാമെന്നും, അതുകൊണ്ട് തന്നെ ജനങ്ങള്‍ ക്ഷമയോടെ സഹകരിക്കണമെന്നും മാനിറ്റോബ ഹൈഡ്രോ അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!