ഗ്വാഡലഹാറ: ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദക്ഷിണകൊറിയക്ക് ആവേശകരമായ വിജയത്തുടക്കം. മെക്‌സിക്കോയിലെ എസ്റ്റാഡിയോ അക്രോണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍, ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് കൊറിയയുടെ ജയം. ഹ്വാങ് ഇംബിയോം, ഹ്യോങ് ഗ്യു ഓഹ് എന്നിവര്‍ കൊറിയക്കായും ലാഡിസ്ലാവ് ക്രെയ്ച്ചി ചെക്കിയക്കായും ഗോള്‍ നേടി.
തുടക്കം മുതല്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് ദക്ഷിണ കൊറിയയാണ്. എന്നാല്‍ ആദ്യ പകുതി ഗോള്‍രഹിതമായി തന്നെ നിന്നു. സൂപ്പര്‍ താരം ഹ്വങ് മിന്‍ സണിന് ആദ്യ പകുതിയില്‍ അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ചെക്ക് റിപ്പബ്ലിക്കായിരുന്നു. വ്ലാദിമിര്‍ സൗഫാലിന്റെ ലോങ്ങ് ത്രോയില്‍ നിന്ന് നായകള്‍ ലാഡിസ്ലാവ് ക്രെയ്ച്ചിയാണ്(59) ഓപ്പണിങ് ഗോള്‍ നേടിയത്.

എന്നാല്‍ 67ാം മിനിറ്റില്‍ കൊറിയ ഒരു ഗോള്‍ മടക്കി. കാങ് ഇന്‍ ലീയുടെ പാസില്‍ ഹ്വാങ് ഇംബിയോമാണ് സമനില ഗോള്‍ കണ്ടെത്തിയത്. മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് ബാക്കിനില്‍ക്കെ ഹ്യോങ് ഗ്യു ഓഹ്(80) വിജയമുറപ്പിച്ച ഏഷ്യന്‍ ടീമിന്റെ നിര്‍ണായക ഗോള്‍ കണ്ടെത്തി. ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ ഹ്വാങ് ഇംബിയോമാണ് കളിയിലെ താരം. ജൂണ്‍ 25ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് കൊറിയയുടെ അടുത്ത മത്സരം. ചെക്ക് റിപ്പബ്ലിക്കിന് മെക്സിക്കോയാണ് എതിരാളി.
