Saturday, June 13, 2026

യാത്ര വൈകിയാൽ ഇനി കൂടുതൽ പണം; കാനഡയിൽ പുതിയ എയർ ട്രാവൽ നിയമം

ഓട്ടവ: കാനഡയിൽ വിമാനയാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്ന പുതിയ നിയമപരിഷ്കാരങ്ങളിലേക്ക് സർക്കാർ നീങ്ങുന്നു. നിലവിലുള്ള എയർ പാസഞ്ചർ പ്രൊട്ടക്ഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും വിമാന കമ്പനികളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനുമാണ് നടപടികൾ.

2019-ൽ നിലവിൽ വന്ന നിയമങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായി, വിമാന യാത്രാ തടസ്സങ്ങൾ, റദ്ദാക്കലുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിഹരിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തും. നിലവിൽ കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസിയിൽ കെട്ടിക്കിടക്കുന്ന 97,000-ത്തിലധികം പരാതികൾ തീർപ്പാക്കുക എന്നതും പരിഷ്കാരത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

പുതിയ നിർദേശങ്ങൾ പ്രകാരം നിയമം ലംഘിക്കുന്ന വിമാന കമ്പനികൾക്ക് 10 ലക്ഷം ഡോളർ വരെ പിഴ ചുമത്താൻ അധികാരം ലഭിക്കും. യാത്രാ തടസ്സങ്ങൾക്ക് കാരണം അസാധാരണ സാഹചര്യം ആണെന്ന് തെളിയിക്കേണ്ട ബാധ്യത യാത്രക്കാരിൽ നിന്ന് മാറി വിമാന കമ്പനികളിലേക്ക് മാറുന്നതാണ് പ്രധാന മാറ്റം.

നിലവിലെ നിയമപ്രകാരം യാത്ര വൈകിയാൽ ലഭിക്കുന്ന നഷ്ടപരിഹാര തുകകൾ നിശ്ചയിച്ചിട്ടുണ്ട്. എയർ കാനഡ, വെസ്റ്റ് ജെറ്റ്, പോർട്ടർ, ഫ്ലെയർ തുടങ്ങിയ വലിയ വിമാന കമ്പനികളിൽ യാത്ര ചെയ്യുമ്പോൾ മൂന്ന് മുതൽ ആറ് മണിക്കൂർ വരെ വൈകിയാൽ 400 ഡോളറും, ആറ് മുതൽ ഒമ്പത് മണിക്കൂർ വരെ 700 ഡോളറും, ഒമ്പത് മണിക്കൂറിൽ കൂടുതൽ വൈകിയാൽ 1,000 ഡോളറും ലഭിക്കും. വിമാന കമ്പനികൾ വൗച്ചറുകൾ നൽകാൻ ശ്രമിച്ചാലും, യാത്രക്കാർക്ക് പണം തന്നെ ആവശ്യപ്പെടാനുള്ള അവകാശം തുടർന്നും നിലനിൽക്കും.

യാത്രക്കാർക്ക് ഭക്ഷണം, താമസം തുടങ്ങിയ അധിക ചെലവുകൾ ഉണ്ടായാൽ അതിന്റെ ബില്ലുകളും രേഖകളും സൂക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിമാന കമ്പനികൾ പരാതികൾക്ക് 30 ദിവസത്തിനകം മറുപടി നൽകേണ്ടതും നിർബന്ധമാക്കും. മറുപടി തൃപ്തികരമല്ലെങ്കിൽ കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസിയെ സമീപിക്കാം.

ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ വരാനിരിക്കുന്ന ആഴ്ചകളിൽ നിയമഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു. പുതിയ നടപടികൾ വിമാന കമ്പനികളുടെ അനാസ്ഥ നിയന്ത്രിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!