ഡബ്ലിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്‌നോളജി, ഭക്ഷ്യസുരക്ഷ എന്നിവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ കാനഡയും അയർലൻഡും തമ്മിൽ ധാരണയായി. അയർലൻഡ് പ്രധാനമന്ത്രി മിഖേൽ മാർട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.“വളർന്നുവരുന്ന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം,” എന്ന് കാർണി ഡബ്ലിനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമഗ്രമായ സാമ്പത്തിക, വ്യാപാര കരാർ (CETA) പരമാവധി പ്രയോജനപ്പെടുത്താനും, കൃഷി-ഭക്ഷ്യ വിതരണ ശൃംഖലകൾ വികസിപ്പിക്കാനും ധാരണയായി. ഫിൻടെക്, സാമ്പത്തിക സേവനങ്ങൾ എന്നിവയിലും യോജിച്ച് പ്രവർത്തിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലീൻ എനർജി, കാർബൺ ബഹിർഗമനം കുറയ്ക്കൽ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും വിദഗ്ധർ സഹകരിക്കും. മാരിടൈം സെക്യൂരിറ്റി (സമുദ്ര സുരക്ഷ) പരിശീലനങ്ങളിൽ കനേഡിയൻ സായുധ സേനയും ഐറിഷ് പ്രതിരോധ സേനയും തമ്മിലുള്ള സഹകരണവും വർദ്ധിപ്പിക്കും.പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കായുള്ള പരിശീലനം, ഗവേഷകർക്ക് കൂടുതൽ സൗകര്യങ്ങൾ എന്നിവയിൽ സഹകരണം വ്യാപിപ്പിക്കുമെന്നും കാർണി വ്യക്തമാക്കി. കൂടാതെ, അയർലൻഡിൽ റെജനറേറ്റീവ് മെഡിസിൻ ഹബ് സ്ഥാപിക്കാനുള്ള പദ്ധതിയും കാനഡ പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കുശേഷം ട്രാൻസ്-അറ്റ്ലാന്റിക് ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ കാർണി പങ്കെടുത്തു. പിന്നീട് പ്രധാനമന്ത്രി മാർട്ടിൻ സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിലും അദ്ദേഹം പങ്കെടുക്കും..
AI, സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം വർധിപ്പിക്കാനുള്ള അവസരമായി ഈ സഹകരണം വിലയിരുത്തപ്പെടുന്നു. വിദേശ നിക്ഷേപത്തിൽ വലിയ പങ്ക് വഹിക്കുന്ന അയർലൻഡ്, ഡിജിറ്റൽ നയങ്ങളിൽ യൂറോപ്യൻ യൂണിയനിൽ കൂടുതൽ സ്വാധീനം നേടാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കാനഡയുടെ വിദേശ നയത്തിൽ യൂറോപ്പുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് അമേരിക്കയിലേക്കുള്ള അതിരുകടന്ന ആശ്രയം കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി കാർണി അയർലൻഡിന്റെ യൂറോപ്യൻ യൂണിയൻ അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട ട്രാൻസ്‌അറ്റ്ലാന്റിക് ബന്ധങ്ങൾ സംബന്ധിച്ച ചർച്ചകളിലും പങ്കെടുക്കും. ശേഷം അയർലൻഡ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും.
