ഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദാബ്രി പ്രദേശത്തെ എഎസ് ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ ഇലക്ട്രിക്കൽ മീറ്ററിലും പാനലിലും ഉണ്ടായ തീപിടുത്തത്തെ തുടർന്ന് പത്തിലധികം രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കുകളില്ല.
ഞായറാഴ്ച രാത്രി 10.25 ഓടെയാണ് ദാബ്രി-പാലം റോഡിലുള്ള ആശുപത്രിയിൽ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചത്. ഉടൻ തന്നെ മൂന്ന് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു. ഏകദേശം അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.

തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ആശുപത്രി ജീവനക്കാർ രോഗികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. സംഭവസമയത്ത് ആശുപത്രിക്കുള്ളിൽ 15ലധികം രോഗികൾ ചികിത്സയിലുണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. എല്ലാ രോഗികളെയും ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.
