ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി അണ്ണാ ഡിഎംകെയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി സ്ഥാനവും ഒഴിയുന്നതായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് സമർപ്പിച്ച രാജിക്കത്തിൽ അറിയിച്ചു.
“കടുത്ത വിഷമത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്” എന്ന് വ്യക്തമാക്കിയ ഗൗതമി, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് രാജിക്ക് കാരണമെന്നും കത്തിൽ പറയുന്നു. ഇനി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു.

2023 ഒക്ടോബറിൽ ബിജെപി വിട്ട ഗൗതമി, 2024 ഫെബ്രുവരിയിലാണ് AIADMKയിൽ ചേർന്നത്. എന്നാൽ അടുത്തിടെ നടന്ന രാഷ്ട്രീയ നീക്കങ്ങളിൽ പാർട്ടിയിൽ സജീവമായ പങ്കാളിത്തം ലഭിക്കാത്തതും, 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതും രാജിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.
അതേസമയം, തമിഴ്നാട് രാഷ്ട്രീയത്തിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലേക്ക് (TVK) നിരവധി രാഷ്ട്രീയ നേതാക്കൾ ചേക്കേറുന്ന സാഹചര്യത്തിൽ ഗൗതമിയുടെ രാജി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
