ടൊറന്റോ: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പന്ത്രണ്ടാമത് പാത്രിയര്‍ക്കാ സ്ഥാനാരോഹണ വാര്‍ഷികം കാനഡയില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്ക അതിഭദ്രാസനത്തിന് കീഴിലുള്ള മിസിസ്സാഗയിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് ആഘോഷങ്ങള്‍ നടന്നത്.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു കൊണ്ട് പ്രത്യേക സമ്മേളനവും സംഘടിപ്പിച്ചു. ലബനോനിലെ അതീവ പ്രതിസന്ധി നിറഞ്ഞ ആഭ്യന്തര സാഹചര്യങ്ങള്‍ക്കിടയിലും പരിശുദ്ധ സഭയെ വളരെ അനുഗ്രഹീതമായി നയിക്കുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ഭരണപാടവത്തെ ശ്രേഷ്ഠ ബാവ സമ്മേളനത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും, പരിശുദ്ധ പിതാവിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തിന് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും നേരുന്നതായി അറിയിച്ചു.

ശ്രേഷ്ഠ ബാവ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പള്ളി സെക്രട്ടറി ജിജി ജോയി സ്വാഗതം ആശംസിച്ചു. കാനഡ റീജിയന്‍ അഡ്മിനിസ്‌ട്രേറ്ററും പള്ളി വികാരിയുമായ എബി മാത്യു കശീശ ചടങ്ങില്‍ ആശംസപ്രസംഗം നടത്തി. കാനഡ റീജിയന്‍ ട്രഷറര്‍ ശ്രീ. ജെനു മഠത്തില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സാമൂഹിക-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ശ്രേഷ്ഠ ബാവയ്ക്ക് 450 വര്‍ഷം പഴക്കമുള്ള, തോലില്‍ എഴുതപ്പെട്ട വിശുദ്ധ ബൈബിളിലെ പഴയനിയമ ലേഖനങ്ങള്‍ ഉള്‍പ്പെട്ട ‘തോറ’ സമ്മാനമായി നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഇടവകയിലെ മുതിര്‍ന്ന അംഗമായ ശ്രീ. മത്തായിയെ ശ്രേഷ്ഠ ബാവ ആദരിക്കുകയും, മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സമ്മേളനത്തിന് പള്ളി ട്രഷറര്‍ ശ്രീ. ബില്‍ബി ബേബി നന്ദി രേഖപ്പെടുത്തി. വിശ്വാസികള്‍ക്കായി പ്രത്യേക സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ചടങ്ങുകള്‍ക്ക് ശേഷം പള്ളിയുടെ ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ശ്രേഷ്ഠ ബാവ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വീണ്ടും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, കേരളത്തില്‍ പുതുതായി അധികാരമേറ്റ ശ്രീ. വി.ഡി. സതീശന്‍ മന്ത്രിസഭയ്ക്ക് സഭയുടെ എല്ലാവിധ ആശംസകളും ബാവ അറിയിച്ചു. ഈ കാലഘട്ടത്തില്‍ സഭ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ലഭ്യമാകുന്നതിന് പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രത്യാശയും ശ്രേഷ്ഠ ബാവ പ്രകടിപ്പിച്ചു. പള്ളി ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഭംഗിയായി സംഘടിപ്പിച്ച ചടങ്ങില്‍ കാനഡയിലെയും അമേരിക്കയിലെയും വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
