തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ ഇ.പി. ജയരാജനെതിരെ വീണ്ടും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വെച്ച് മർദിച്ചെന്നായിരുന്നു പരാതി. പോലീസിൽ നൽകിയ പരാതിയിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേസ് എഴുതിത്തള്ളുകയും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ പോലീസിന്റെ ഈ റിപ്പോർട്ടിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകൻ മൃദുൽ ജോൺ മാത്യു മുഖേന കോടതിയിൽ തർക്ക ഹർജി സമർപ്പിച്ചു. ഹർജി പരിഗണിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-11, സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ വിശദമായി പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വലിയതുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കോടതി നിർദ്ദേശം നൽകി.
