കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക അറസ്റ്റ്. തിരുവള്ളൂര്‍ സ്വദേശിയും ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിന്‍ ഭാസ്‌കറിനെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പി ഫറാഷ് അറസ്റ്റ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിവാദ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയിലാണ് ഇയാളെ പിടികൂടിയതെന്നും, സ്‌ക്രീന്‍ഷോട്ടിന്റെ യഥാര്‍ത്ഥ ഉറവിടം പൂര്‍ണ്ണമായി കണ്ടെത്താന്‍ ഈ അറസ്റ്റ് സഹായിക്കുമെന്നും എസ്പി വ്യക്തമാക്കി.
കേസിലെ നിര്‍ണായക തെളിവായ ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഈ സ്‌ക്രീന്‍ഷോട്ട് ആദ്യമായി പങ്കുവെച്ചത് ജിതിന്‍ ഭാസ്‌കറാണെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടിന്റെ യഥാര്‍ത്ഥ ഉറവിടം വ്യക്തമാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ജിതിന്‍ ഭാസ്‌കര്‍ തന്നെയാണ് ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ റൂറല്‍ എസ്പി ഓഫീസില്‍ വെച്ച് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

ആരാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നതും അതിന്റെ യഥാര്‍ത്ഥ ഉറവിടം എവിടെയാണെന്ന് കണ്ടെത്തലുമായിരുന്നു അന്വേഷണ സംഘം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മുന്‍പ് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പില്‍ ഇത് പങ്കുവെച്ചിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്തുക അസാധ്യമാണെന്ന റിപ്പോര്‍ട്ടോടെ മുന്‍പ് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊര്‍ജിതമായ സൈബര്‍ പരിശോധനയിലാണ് ‘വടകര സ്‌ക്വാഡ്’ എന്ന ഗ്രൂപ്പില്‍ നിന്നാണ് റിബേഷിന് ഇത് ലഭിച്ചതെന്ന് വ്യക്തമായതും അന്വേഷണം ജിതിന്‍ ഭാസ്‌കരിലേക്ക് എത്തിയതും.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ എന്ന രീതിയില്‍ വലിയ വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച ഈ സ്‌ക്രീന്‍ഷോട്ടിന്റെ പേരില്‍ ആദ്യം കാസിമിനെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍, ഇതിനെതിരെ കാസിം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുകളുണ്ടായതും യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം നീണ്ടതും.
